Breaking News

ആലക്കോട് കരുവഞ്ചാൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം; തൊഴിലാളി മരിച്ചു



ആലക്കോട് : കരുവൻചാൽ ടൗണിനടുത്ത് കൂളാമ്പി റോഡിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പശ്ചിമബംഗാൾ കൊൽക്കത്ത കുന്തിഘട്ട് സ്വദേശി കാളിപോത് (52) ആണ് മരിച്ചത്. ബംഗാൾ സ്വദേശികളായ അസിത്ത് (45), രാജ (30), ഗോവിന്ദ് ബച്ച (23), ചുണ്ണാറാം (28), നേപ്പാൾ സ്വദേശി പ്രദീപ് (35), മലപ്പുറം നിലമ്പൂർ സ്വദേശി പ്രവീൺ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ അസീത്തിനെയും രാജയെയും പരിയാരം മെഡി കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും ഭാഷാപരമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രദീപിനെയും ഇവർക്കൊപ്പം മെഡി. കോളേജ് ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്. ഗോവിന്ദ് ബച്ച, ചുണ്ണാറാം, പ്രവീൺ എന്നിവരെ കരുവൻചാൽ സെന്റ് ജോസഫ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. മരിച്ച കാളിപോതിന്റെ മകനാണ് പരിക്കേറ്റ ചുണ്ണാറാം.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കരുവൻചാൽ ടൗണിന് സമീപം കൂളാമ്പി റോഡിൽ സെന്റ് മേരീസ് മലങ്കര പള്ളിക്ക് സമീപമായിരുന്നു അപകടം. കെ.എൽ 10 ബി.ജി 4057 പിക്കപ്പ് ജീപ്പ് കുളാമ്പി ഇറക്കത്തിൽ നിയന്ത്രണംവിട്ട് റോഡരികിലെ പറമ്പിലേക്ക് മറിയുകയായിരുന്നു. സമീപത്തെ റബർ മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത്. ഗുരുതരമായി പരിക്കേറ്റ കാളിപോതിനെ സെന്റ് ജോസഫ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

No comments