ആറര മണിക്കൂര്‍ കറന്റ് കട്ട്; ഓക്‌സിജന്‍ കിട്ടാതെ വയോധിക മരിച്ചു : കെഎസ്ഇബിക്കെതിരെ പരാതി
കാഞ്ഞങ്ങാട് : മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിനെ തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് വയോധിക മരിച്ചു. അതിഞ്ഞാൽ കെ.കെ. പുരയിൽ ബീരാൻ കാടത്ത് ഖാദറിന്റെ ഭാര്യ മറിയം (75) ആണ് മരിച്ചത്. ഗാന്ധിജയന്തി ദിനത്തിൽ യാതൊരു മുന്നറിയിപ്പും നൽകാതെ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8.40 വരെ ആറര മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. ഇക്ബാൽ റോഡ് ജംഗ്ഷനിൽ ആരംഭിച്ച സ്വകാര്യ സ്ഥാപനത്തിലേക്ക് പോസ്റ്റ് മാറ്റുന്നതിനാണ് വൈദ്യുതി മുടക്കിയതെന്നാണ് പറയപ്പെടുന്നത്.
ഉച്ചയ്ക്ക് കറന്റ് പോയതോടെ ഇൻവെർട്ടറിന്റെ സഹായത്തോടെയാണ് ഓക്സിജൻ യന്ത്രം പ്രവർത്തിപ്പിച്ചത്. രാത്രിയോടെ ഇൻവെർട്ടറിന്റെ ചാർജ് തീർന്നതോടെ ഓക്സിജൻ സംവിധാനവും നിലച്ചു. ഇതോടെയാണ് മറിയം മരണത്തിന് കീഴടങ്ങിയത്. രാത്രി 8.30 ഓടെയായിരുന്നു മരണം.
കഫക്കെട്ട് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മറിയത്തെ രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. വൈദ്യുതി മുടങ്ങിയ വിവരം അറിയാൻ പല തവണ ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വൈദ്യുതി നിലച്ചതോടെ ഈ ഭാഗത്തെ പല വ്യാപാരികളും നേരത്തെ കടകൾ പൂട്ടി പോകേണ്ടി വന്നു.
സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അജാനൂർ പഞ്ചായത്ത് ജനപ്രതിനിധികൾ കാഞ്ഞങ്ങാട് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുശാന്ത്, അസിസ്റ്റന്റ് എഞ്ചിനീയർ പി. നളിനി എന്നിവർക്ക് പരാതി നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരിയുടെ നേതൃത്വത്തിൽ മെമ്പർമാരായ സി. കുഞ്ഞാമിന, ഖാലിദ് അറബിക്കടത്ത്, സി.പി. സുബൈർ, സി.എച്ച്. നിസാമുദ്ദീൻ എന്നിവരാണ് പരാതി നൽകിയത്. മക്കൾ:ശരീഫ, സുബൈദ, സാജിത. മരുമക്കൾ:
കുഞ്ഞാമത് തെക്കേപ്പുറം, അമീർ ചെറുവത്തൂർ, മൊയ്തു ബേക്കൽ.
No comments