കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രൻ പ്രകാശനം ചെയ്തു
അട്ടേങ്ങാനം: പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായി ഉറപ്പാക്കുന്നതിനായി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി മൈക്കിൾ കെ എഫിന് നൽകി പ്രസിദ്ധീകരിച്ചു. പഞ്ചായത്തിന്റെ വിവിധ സേവനങ്ങൾ, ഓരോ സേവനവും ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ പൗരാവകാശ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരന്മാർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പഞ്ചായത്തിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് നൽകുന്നതിനൊപ്പം, സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് പൗരാവകാശ രേഖയിലൂടെ ലക്ഷ്യമിടുന്നത്.
പരാതികൾക്കും നിർദ്ദേശങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള സംവിധാനങ്ങളും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയവും ഉത്തരവാദിത്തപൂർണ്ണവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനും പൗരാവകാശ രേഖ സഹായകരമാകും.
“ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സേവനങ്ങൾ അവരുടെ അവകാശമായി ഉറപ്പാക്കുകയും ചെയ്യുന്ന സുതാര്യ ഭരണത്തിന്റെ മറ്റൊരു പ്രധാന ചുവടുവെപ്പാണ് പൗരാവകാശ രേഖയുടെ പ്രസിദ്ധീകരണം. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലഭ്യമാക്കുന്നതിനും ഭരണസംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇത് സഹായകരമാകും,” എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രൻ ചടങ്ങിൽ പറഞ്ഞു.
No comments