Breaking News

വയോധികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി 19കാരന് ദാരുണാന്ത്യം



പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ വാഹനത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി 19കാരന് ദാരുണാന്ത്യം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥിയായ കൃഷ്ണ നന്ദു ആണ് മരിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി കൂടലിലാണ് അപകടം നടന്നത്.രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

കോന്നി ഭാഗത്ത് നിന്ന് ബുള്ളറ്റിൽ വരികയായിരുന്നു കൃഷ്ണ നന്ദു. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വയോധികനെ ഇടിക്കാതിരിക്കാൻ ബുള്ളറ്റ് വെട്ടിച്ചപ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിന്റെ ഔദ്യോഗിക വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഉടൻ തന്നെ കൃഷ്ണ നന്ദുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരു വാഹനങ്ങളും കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ മറ്റൊരു വാഹനത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്തനംതിട്ട ഭാഗത്തേക്ക് യാത്ര തുടർന്നത്.

No comments