Breaking News

കാസർകോട് തളങ്കര കടവത്തെ കെട്ടിട മുറിയിൽ നടന്ന കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റിൽ


കാസർകോട്: തളങ്കര, കടവത്തെ ഒരു കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ നടന്ന പാതിരാ കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കർണ്ണാടക സ്വദേശിയെയാണ് അറസ്റ്റു ചെയ്തത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുള്ളതിനാൽ ഇയാളെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. പ്രതിയെ കോടതി റിമാന്റു ചെയ്തു. കേസിലെ കൂട്ടുപ്രതികളായ മറ്റു രണ്ടു പ്രതികളെ വലയിലാക്കി ചോദ്യം ചെയ്തുവരികയാണ്.രണ്ടാഴ്ച മുമ്പാണ് കടവത്തെ കെട്ടിട മുറിയിൽ അജ്ഞാതനെ നിലത്തു മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുറത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു മുറി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കഴുത്തിൽ തോർത്ത് മുറുക്കിയായിരുന്നു കൊലപാതകം. നാലുപേരാണ് കെട്ടിടത്തിൽ മുറിയെടുത്തിരുന്നത്. ഇവരിൽ ഒരാളുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി നൽകിയ ശേഷം ഗൂഗിൾ പേ വഴിയാണ് വാടക തുക നൽകിയിരുന്നത്. മുറിയെടുത്തതിനു ശേഷം രണ്ടു ദിവസം നാലുപേരും മത്സ്യ ബന്ധനത്തിനു പോയിരുന്നു. മൂന്നാം നാൾ രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യ ലഹരിയിൽ ഉണ്ടായ വാക്കു തർക്കത്തിനിടയിൽ തോർത്ത് കഴുത്തിൽ മുറുക്കിയായിരുന്നു കൊല നടത്തിയതെന്നാണ് അറസ്റ്റിലായ ആൾ മൊഴി നൽകിയത്.


കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയായിരുന്നുഅന്വേഷണസംഘത്തിന്റെ മുന്നിലെ ആദ്യത്തെവെല്ലുവിളി. കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡും തന്ത്രപരമായി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് കർണ്ണാടക, ദാവണഗരെ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. പൊലീസ് അറിയിച്ചതിനെ തുടർന്ന് കാസർകോട്ടെത്തിയ ബന്ധുക്കൾ മൃതദേഹം നജീമുള്ളയുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണമാണ് കൊലയാളികളിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. പലപ്പോഴും ദൂരെ ദിക്കുകളിലേയ്ക്കു ജോലിക്കു പോകാറുള്ള നജീമുള്ള ബംഗ്ളൂരുവിൽ വച്ചാണ് മൂന്നു പേരെയും പരിചയപ്പെട്ടത്. തുടർന്ന് നാലുപേരും കൂടികാസർകോട്ടെത്തി തളങ്കര,കടവത്ത് മുറിയെടുത്ത് മത്സ്യ ബന്ധന ജോലിക്കു പോവുകയായിരുന്നു. മൂന്നാം ദിവസം രാത്രിയിലാണ് നജീമുള്ള കൊല്ലപ്പെട്ടത്. പൊലീസ് വലയിലായിട്ടുള്ള മറ്റു രണ്ടു പേരുടെ അറസ്റ്റു കൂടി രേഖപ്പെടുത്തുന്നതോടെ കൊലപാതകത്തിന്റെ യഥാർത്ഥ കാരണമെന്തായിരുന്നുവെന്നു വ്യക്തമാകുമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം.

No comments