Breaking News

ചരിത്ര സംഗമത്തിന് വേദിയായി കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ

കുമ്പളപ്പള്ളി : ചരിത്ര സംഗമത്തിന് വേദിയായി കുമ്പള പള്ളി കരിമ്പിൽ ഹൈസ്കൂൾ. മലയോര മേഖലയിൽ ഒന്നും വിദ്യാഭ്യാസ സൗകര്യം അപ്രാപ്യമായിരുന്ന 1964 ൽ കരിമ്പിൽ കുഞ്ഞമ്പു സ്ഥാപിച്ച വിദ്യാലയമാണ് കരിമ്പിൽ ഹൈസ്കൂൾ. ആ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണവും 64 ആയിരുന്നു. അന്ന് എട്ടാം ക്ലാസിൽ പ്രവേശനം നേടിയ 64 വിദ്യാർത്ഥികളിൽ പലരും ഇന്ന് മൺമറഞ്ഞു പോയെങ്കിലും ശേഷിക്കുന്നവരെ ഒക്കെയും ചേർത്തുപിടിച്ചുകൊണ്ട് ആദ്യ ബാച്ചിന്റെ ആദ്യ സംഗമം കുമ്പള പള്ളി കരിമ്പിൽ ഹൈസ്കൂളിൽ നടന്നു. നീലേശ്വരം, കൊന്നക്കാട്, പരപ്പ തുടങ്ങി വിദൂര സ്ഥലങ്ങളിൽ നിന്നും യാത്ര സൗകര്യം വരെ ഇല്ലാതെ ഇരുന്ന കാലത്ത് വിദ്യാർത്ഥികൾ ഈ സ്കൂളിൽ വന്ന് പഠിച്ചിരുന്നു. പലരും ബന്ധുവീടുകളിലും സമീപത്തെ വീടുകളിലും വരെ താമസിച്ച് പഠിച്ചവരും ഉണ്ട്.ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ നെഞ്ചിലേറ്റി ശാരീരികമായ അവശതകൾ മാറ്റിവെച്ചുകൊണ്ടും ദീർഘദൂരം യാത്ര ചെയ്തുകൊണ്ടാണ് പലരും മക്കളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച് സംഗമത്തിന് എത്തിയത് വികാരനിർഭരമായ രംഗമായി മാറി. തങ്ങളിൽ നിന്ന് വേർപിരിഞ്ഞ സഹപാഠികളുടെയും പൂർവാധ്യാപകരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അവർ ഓർമ്മകൾ പങ്കുവെച്ചു. പഠിതാക്കൾ എല്ലാവരും ഒരു ക്ലാസ് റൂമിൽ ഒത്തുചേർന്ന് പണ്ട് ഉണ്ടായിരുന്നതുപോലെയുള്ള ക്ലാസ് അനുഭവങ്ങൾ പങ്കുവെച്ചതും വൈകി വന്നവരെ ശാസിച്ചു കൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്തതും നവ്യാനുഭവമായി.

കെ എച്ച് എസ് കുമ്പളപള്ളി ഫെസ്റ്റ് 64 -64 എന്ന പേരിൽ നടത്തിയ സംഗമത്തിന് കരിമ്പിൽ ഹൈസ്കൂൾ മാനേജർ കെ. സുശീല നാരായണൻ ഭദ്രദീപം തെളിച്ചു. റിട്ടയേർഡ് സിആർപിഎഫ് ഐ.ജി പി ദാമോദരൻ സംഗമം ഉദ്ഘാടനം ചെയ്തു

പി പി മാധവൻ പയ്യാവൂർ ആമുഖപ്രഭാഷണം നടത്തി. പി . ഗംഗാധരൻ അധ്യക്ഷത വഹിച്ചു.വി. കെ കുഞ്ഞികൃഷ്ണൻ സ്വാഗതം ആശംസിച്ചു. പി വി ഭാസ്കരൻ , വി കെ പരിമള , കെ ബാലൻ, എന്നിവർ സംസാരിച്ചു. എം നാരായണി നന്ദി പറഞ്ഞു.

വിഭവസമൃദ്ധമായ സദ്യയും കഴിച്ച് ഉപഹാരവും ഏറ്റുവാങ്ങിയാണ് എല്ലാവരും പിരിഞ്ഞത്

No comments