നീലേശ്വരം ആകാശപാതാ സമരം 195-ാം ദിനത്തിൽ; നീലേശ്വരത്ത് പുതിയ പാലം നിർമ്മാണത്തിൽ അശാസ്ത്രീയ നികത്തൽ: ആശങ്കയറിച്ച് നാട്ടുകാർ
നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ മൺതിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 195-ാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായുള്ള ആറാം ദിന റിലേ പ്രതിഷേധ ജാഥ വൻ ജനപങ്കാളിത്തത്തോടെ ഓർച്ച - കടിഞ്ഞിമൂലയിൽ സമാപിച്ചു. ഇതിനിടെ, പുതിയ പാലത്തിന്റെ റാമ്പ് നിർമ്മാണത്തിനായി അശാസ്ത്രീയമായി കോൺക്രീറ്റ് മാലിന്യങ്ങളും മണ്ണും തള്ളുന്നതിനെതിരെ നാട്ടുകാർ പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO) പരാതി നൽകി.
നീലേശ്വരത്ത് തൂണുകൾക്ക് മുകളിലൂടെയുള്ള ആകാശപാത അത്യന്താപേക്ഷിതമാണെന്ന് മുൻ ജില്ലാ കലക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ട് അധികാരികൾ മുഖവിലക്കെടുക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഭാരം താങ്ങാൻ ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഉയർത്തുന്ന മൺതിട്ട നഗരത്തെ വിഭജിക്കുക മാത്രമല്ല, വലിയ സുരക്ഷാ ഭീഷണിയുമാണ്.
നീലേശ്വരം പുതിയ പാലത്തിന്റെ റാമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് അഴുക്കുചാലിന് സമീപം കോൺക്രീറ്റ് മാലിന്യങ്ങളും മണ്ണും തള്ളുന്നതായി പരാതി. ശാസ്ത്രീയ പരിശോധനകൾ ഉറപ്പാക്കണമെന്ന ജില്ലാ കലക്ടറേറ്റിലെ യോഗത്തിലെ നിർദ്ദേശങ്ങൾ അധികൃതർ അട്ടിമറിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ നടപടികൾ ശാസ്ത്രീയമാണെന്ന വിചിത്ര മറുപടിയാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചതെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിർമ്മാണ സ്ഥലത്തോടനുബന്ധിച്ച് ഇതിനകം തന്നെ നീർച്ചാൽ തകർന്ന നിലയിലാണുള്ളത്. പാലത്തിന്റെ ബലത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം അശാസ്ത്രീയമായ പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനജീവിതം ദുസ്സഹമാക്കുന്ന നിലപാടുകളിൽ നിന്ന് അധികാരികൾ പിന്മാറണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
No comments