Breaking News

ഓടുന്ന ട്രെയിനിൽ കാഴ്‌ച പരിമിതിയുള്ള യുവതിക്ക് നേരെ ക്രൂരമർദനം; പ്രതി പിടിയിൽ


കാസർകോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കാഴ്‌ച പരിമിതിയുള്ള 49കാരിക്ക് നേരെ ക്രൂരമായ ആക്രമണം. മുംബൈ ലോകമാന്യ തിലക് ടെർമിനസിലേക്ക് പോവുകയായിരുന്ന എൽ.ടി.ടി സ്പെഷ്യൽ ട്രെയിനിൽ ഞായറാഴ്‌ച പുലർച്ചെയാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ അയ്യപ്പയെ(23) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു.



എറണാകുളത്ത് നിന്നും ഒരു യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയും ഒൻപത് വയസ്സുള്ള മകനുമാണ് ദുരനുഭവത്തിന് ഇരയായത്. ട്രെയിനിലെ ഡിസേബിലിറ്റി കോച്ചിലായിരുന്നു ഇവരുടെ യാത്ര. കോഴിക്കോട് വരെ കോച്ചിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നുവെങ്കിലും പിന്നീട് ആരും ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. ഇതിനിടെ കണ്ണൂരിൽ നിന്നാണ് കർണാടക സ്വദേശിയായ 23കാരൻ ട്രെയിനിൽ കയറിയത്. കണ്ണൂർ വിട്ടാൽ കാസർകോട് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്.


പ്രതിയായ അയ്യപ്പ കോച്ചിൽ കയറിയത് മുതൽ ഡോർ സൈഡിൽ നിന്ന് വിസിലടിക്കുകയും കൂകി വിളിക്കുകയും ചെയ്‌തു. പിന്നീട് യുവതിക്കും മകനും നേരെ തിരിയുകയായിരുന്നു. കോച്ചിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് തങ്ങളെ വല്ലാതെ പേടിപ്പെടുത്തിയെന്ന് യുവതി വ്യക്തമാക്കി. പ്രതി കഴുത്തിന് പിടിച്ചു തിരിച്ചുവെന്നും അതിൻ്റെ പാട് ഇപ്പോഴും തൻ്റെ കഴുത്തിലുണ്ടെന്നും അവർ പറഞ്ഞു. സീറ്റിൽ നിന്നും തള്ളി താഴെയിട്ട് ക്രൂരമായി ഉപദ്രവിച്ചു. കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഒടുവിൽ അതിസാഹസികമായി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതാണ് ഇവർക്ക് രക്ഷയായത്.

അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയപ്പോൾ അക്രമി ഇറങ്ങിയോടാൻ ശ്രമിച്ചു. ഉടൻ തന്നെ ട്രെയിൻ ജീവനക്കാർ എത്തി കാര്യങ്ങൾ അന്വേഷിച്ചു. ഈ സമയം അക്രമി തൊട്ടടുത്ത കോച്ചിലേക്ക് കയറിയിരുന്നു. ഇത് മനസ്സിലാക്കിയ റെയിൽവേ ജീവനക്കാർ അയാളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് മറ്റ് യാത്രക്കാർക്ക് കർശന നിർദേശം നൽകി. തുടർന്ന് ട്രെയിൻ കാസർകോട് എത്തിയപ്പോൾ റെയിൽവേ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി

No comments