Breaking News

സുരേഷ് പാണത്തൂരിന്റെ പുതിയ നോവൽ ‘അപൂർണ്ണം’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു


ഷാർജ: എഴുത്തുകാരൻ സുരേഷ് പാണത്തൂർ രചിച്ച പുതിയ നോവൽ ‘അപൂർണ്ണം’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സിനിമാ ഗാനരചയിതാവും എഴുത്തുകാരിയുമായ രശ്മി സുശീൽ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ഡോ. ജയാ ഹരികുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. മുരളി മോഹൻ ചടങ്ങിൽ സംബന്ധിച്ചു.

സുരേഷ് പാണത്തൂരിന്റെ രണ്ടാമത്തെ നോവലാണ് ‘അപൂർണ്ണം’. വായനക്കാരുടെ ശ്രദ്ധ നേടിയ ‘കാലാഹി’യാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ. മലയോര ഗ്രാമമായ പാണത്തൂരിന്റെ പശ്ചാത്തലത്തിലാണ് പുതിയ കൃതി രചിച്ചിരിക്കുന്നത്.

ജീവിതത്തിൽ നമുക്ക് നഷ്ടമാകുന്നത് മനുഷ്യരെ മാത്രമല്ല, അവരോടൊപ്പം ജീവിക്കാമായിരുന്ന ഒരു ജീവിതം കൂടിയാണെന്ന ഹൃദയസ്പർശിയായ തിരിച്ചറിവാണ് നോവൽ പങ്കുവെക്കുന്നത്. പറയാതെപോയ വാക്കുകളും പൂർത്തിയാക്കാനാകാത്ത സ്വപ്നങ്ങളും തിരിച്ചുനടക്കാനാവാത്ത വഴികളും മനസ്സിൽ അവശേഷിപ്പിക്കുന്ന ശൂന്യതയ്ക്ക് കാലത്തിനുപോലും പൂർണവിരാമമിടാനാവില്ലെന്ന ഓർമപ്പെടുത്തലാണ് ഈ കൃതി.


No comments