വിദ്യാവാഹിനി പദ്ധതി പ്രതിസന്ധിയിൽ; മാലോത്ത് കസബ സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്ര മുടങ്ങിയതായി പരാതി... നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് സി പി ഐ എം മാലോം ലോക്കൽ കമ്മിറ്റി
മാലോം: മലയോര മേഖലയിലെ 70 ശതമാനത്തോളം പട്ടികവർഗ വിദ്യാർത്ഥികൾ പഠിക്കുന്ന മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാവാഹിനി പദ്ധതി പ്രതിസന്ധിയിൽ. പദ്ധതിയുടെ ഭാഗമായി ദിവസേന സ്കൂളിലെത്തുന്ന 237 വിദ്യാർത്ഥികളുടെ യാത്രയാണ് പ്രതിസന്ധിയിലായത്.
ഏകദേശം 12 കിലോമീറ്ററോളം ദൂരത്തുനിന്ന് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്നതിനായി രണ്ട് ഓട്ടോറിക്ഷകളും 11 ജീപ്പുകളുമാണ് സർവീസ് നടത്തിയിരുന്നത്. 2017-18 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതി ഇതുവരെ മികച്ച രീതിയിൽ മുന്നോട്ടുപോയിരുന്നു.
എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി പ്രതിസന്ധിയിലായെന്നാണ് സി.പി.ഐ.എം മാലോം ലോക്കൽ കമ്മിറ്റി ആരോപിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പട്ടികവർഗ വികസന വകുപ്പ് വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചാണ് പദ്ധതിക്കാവശ്യമായ വാഹനങ്ങൾ കണ്ടെത്തിയിരുന്നത്. ഇതേ മാനദണ്ഡത്തിലാണ് 2026 ജൂൺ മുതൽ പദ്ധതിയുടെ പ്രവർത്തനവും ആരംഭിച്ചത്.
എന്നാൽ ഒക്ടോബറിൽ വാഹന ഉടമകൾക്ക് ലഭിച്ച നിർദേശം പ്രതിസന്ധിക്ക് കാരണമായി. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തിയതെന്നും നിരക്കിൽ മാറ്റം വരുത്തി പുതിയ ക്വട്ടേഷൻ നൽകിയാൽ മാത്രമേ നേരത്തെയുള്ള തുക പോലും അനുവദിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് വകുപ്പ് അറിയിച്ചതെന്ന് വാഹന ഉടമകൾ പറയുന്നു.
ഇതോടെ കഴിഞ്ഞ അഞ്ച് മാസമായി സർവീസ് നടത്തിയ വകയിൽ ഈ വിദ്യാലയത്തിലെ വാഹന ഉടമകൾക്ക് മാത്രം 18 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് കണക്ക്. വകുപ്പ് നിലപാടിൽ പ്രതിഷേധിച്ച് നവംബർ ഒന്ന് മുതൽ വാഹന ഉടമകൾ വിദ്യാവാഹിനി പദ്ധതിയുടെ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
സർവീസ് നിലച്ചതോടെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ പഠനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.
പ്രശ്നത്തിന് ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തി വിദ്യാർത്ഥികളുടെ യാത്രയും പഠനവും തടസ്സമില്ലാതെ തുടരുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സി.പി.ഐ.എം മാലോം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പദ്ധതിയുടെ ഗുണഭോക്താക്കളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

No comments