Breaking News

നാല് ദിവസം കൊണ്ട് ചികിത്സാ സഹായമായി മുഴുവൻ തുകയും സമാഹരിച്ചു; അട്ടക്കണ്ടം ചിരോലിലെ രശ്മിക്കായി കൈകോർത്തത് നാടൊന്നാകെ


അട്ടക്കണ്ടം: കരുതലിന്റെയും സ്നേഹത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മാതൃകയായി അട്ടക്കണ്ടം ചിരോൽ നാട്. രശ്മിയുടെ ശസ്ത്രക്രിയയ്ക്കായി നാടൊന്നാകെ കൈകോർത്തപ്പോൾ വെറും നാല് ദിവസം കൊണ്ട് ചികിത്സയ്ക്കായി ഡോക്ടർ നിർദേശിച്ച മുഴുവൻ തുകയും സമാഹരിക്കാനായി.

നടുവിലെ തേയ്മാനത്തെ തുടർന്ന് ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയയ്ക്കും നട്ടെല്ലിലെ ബോൾ മാറ്റിവെക്കുന്നതിനുമായി മംഗളൂരു ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ആറാം തീയതി രശ്മി ചികിത്സയ്ക്കായി പ്രവേശിക്കുകയാണ്. ഇതിനാവശ്യമായ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായാണ് നാട്ടുകാർ ഒന്നിച്ചിറങ്ങിയത്.


ചെമ്പട വാട്സാപ്പ് കൂട്ടായ്മ, സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച്, എ.ഡി.എസ് കുടുംബശ്രീ (വാർഡ് 8), ചിരോൽ ഊരുസമിതി, സി.ഐ.ടി.യു അട്ടക്കണ്ടം എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികൾ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചും ചികിത്സാ സഹായത്തിനായി തുക കണ്ടെത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ അകമഴിഞ്ഞ പിന്തുണയും പങ്കാളിത്തവുമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കൈവരിക്കാൻ സഹായിച്ചത്.

സമാഹരിച്ച തുക കൈമാറുന്ന ചടങ്ങ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ ലതിക ടി.വി., മുൻ വാർഡ് മെമ്പർമാരായ എം.വി. ജഗന്നാഥ്, മധു കോളിയാർ, സി.വി. സേതുനാഥ്, സിന്ധു ബാലകൃഷ്ണൻ, ശശികല, രാജൻ, വി. രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിസന്ധി ഘട്ടത്തിൽ ഒരു കുടുംബത്തിന് താങ്ങും തണലുമായി മാറിയ ഈ കൂട്ടായ്മ നാടിന്റെ ഒത്തൊരുമയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉത്തമ മാതൃകയായി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.


രശ്മിയുടെ ശസ്ത്രക്രിയയും തുടർചികിത്സയും വിജയകരമായി പൂർത്തിയാകട്ടെയെന്നും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും നാടൊന്നാകെ പ്രാർത്ഥിക്കുന്നു.

No comments