കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ തടയാൻ വെള്ളരിക്കുണ്ട് പോലീസ്; നവംബർ 13-ന് ബോധവൽക്കരണ ക്ലാസും വിളംബര റാലിയും ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും
വെള്ളരിക്കുണ്ട്: കുട്ടികളിലെ വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗവും ഡിജിറ്റൽ അഡിക്ഷനും നിയന്ത്രിച്ച് ആരോഗ്യകരമായ ബാല്യകാലം ഉറപ്പാക്കാൻ വെള്ളരിക്കുണ്ട് പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
കാസർകോട് ജില്ലാ സോഷ്യൽ പോലീസ് വിഭാഗത്തിന്റെയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്കും മാതാപിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. നവംബർ 13 വെള്ളിയാഴ്ച രാവിലെ വെള്ളരിക്കുണ്ട് യാഷുവ ഓഡിറ്റോറിയത്തിൽ (കാസിനോ) വെച്ചാണ് പരിപാടി.
പരിപാടിയുടെ ഭാഗമായി വെള്ളരിക്കുണ്ട് ടൗണിൽ എസ്.പി.സി., എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ അണിനിരക്കുന്ന വിളംബര റാലിയും നടക്കും. ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടകസമിതി യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് എസ്.എച്ച്.ഒ. മനു പി. ചെറിയാൻ, വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം, ജില്ലാ നോഡൽ ഓഫീസർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി കൺവീനർ ഷോബി ജോസഫ് സ്വാഗതവും ഷോണി കെ. ജോർജ്ജ് നന്ദിയും പറഞ്ഞു.

No comments