ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ... പതിനെട്ടാം പിറന്നാൾ ദിനത്തിൽ രക്തദാനം; മാതൃകയായി ഹാഫിസ്
പനത്തടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബളാംതോടിലെ നാഷണൽ സർവീസ് സ്കീമിന്റെയും (NSS) സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
NSS-ന്റെ ജീവദ്വിതി പോൾ ബ്ലഡ് രക്തദാനം എന്ന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് സാമൂഹിക സേവനപദ്ധതി നടപ്പിലാക്കിയത്.
‘രക്തദാനം മഹാദാനം, ജീവദാനം’ എന്ന മഹത്തായ സന്ദേശം സമൂഹത്തിലേക്കും NSS വളണ്ടിയർമാരിലേക്കും എത്തിക്കുന്നതിനും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ക്യാമ്പിലൂടെ സാധിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. അൻകിത റോബർട്ട്, കൗൺസിലർ രോഹിത്ത്, ലാബ് ടെക്നീഷ്യൻമാരായ വൈഷ്ണവ്, തുഷാര, പ്രഭാകരൻ, രമ്യ സെബാസ്റ്റ്യൻ, ആതിര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
NSS പ്രോഗ്രാം ഓഫീസർ എ. രഘുവരൻ മാസ്റ്റർ, അനിൽകുമാർ മാസ്റ്റർ, പ്രിൻസിപ്പൽ സുനിൽകുമാർ, ബിജു മല്ലപ്പള്ളി മാസ്റ്റർ, ജയരാജൻ കെ.സി., രജിത എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.
പതിനെട്ടാം പിറന്നാൾ ദിനത്തിൽ രക്തം ദാനം ചെയ്ത് മാതൃകയായി ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർ മുഹമ്മദ് ഹാഫിസ്.
സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നടന്ന ദിവസം തന്നെയായിരുന്നു ഹാഫിസിന്റെ പതിനെട്ടാം പിറന്നാൾ.
യാദൃച്ഛികമായി ഒത്തുവന്ന ഈ സുദിനം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള മഹത്തായ പ്രവർത്തനത്തിലൂടെ അർത്ഥവത്താക്കുകയായിരുന്നു ഹാഫിസ്.
രക്തദാനമെന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് ഹാഫിസ് കാണുന്നത്.
രക്തദാനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയും സഹജീവികളോടുള്ള കരുതലിന്റെ സന്ദേശം പകരുകയും ചെയ്ത വിദ്യാർത്ഥിയെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.
എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പാണത്തൂരിലെ മണവാട്ടി വസ്ത്ര വ്യാപാരി ലുഖ്മാനുൽ ഹക്കീമിന്റെയും സുമയുടെയും മകനാണ് ഹഫീസ്.

No comments