Breaking News

വെള്ളരിക്കുണ്ട് പള്ളിമുറ്റത്ത് ജൈവവാഴക്കൃഷിയുടെ സമൃദ്ധി; ആദ്യ വാഴക്കുല 1,100 രൂപയ്ക്ക് സ്വന്തമാക്കി പഞ്ചായത്ത് സെക്രട്ടറി!


വെള്ളരിക്കുണ്ട്: കൃഷിഭവനിൽനിന്ന് ലഭിച്ച 30 വാഴവിത്തുകൾ മൂന്ന് സെന്റ് സ്ഥലത്ത് നട്ടുവളർത്തി മികച്ച വിളവ് നേടി വെള്ളരിക്കുണ്ട് ഫെറോന പള്ളി വികാരി ഡോ. ജോൺസൺ അന്ത്യാങ്കുളം. പള്ളിമുറ്റത്ത് പച്ചപ്പൊരുക്കിയ 30 നേന്ത്രവാഴകളും ഒരേപോലെ കുലച്ചതോടെ ഈ കൃഷി നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമായി.

ബളാൽ കൃഷിഭവനിൽനിന്നാണ് വികാരിക്ക് വാഴവിത്തുകൾ ലഭിച്ചത്. പള്ളിമുറ്റത്തെ മൂന്ന് സെന്റ് സ്ഥലത്ത് പൂർണമായും ജൈവരീതിയിൽ പരിപാലിച്ച വാഴകളെല്ലാം ഒന്നൊഴിയാതെ കുലച്ചു. ഓരോ കുലയ്ക്കും ഏകദേശം 30 കിലോയോളം തൂക്കമുണ്ടെന്നതാണ് പ്രത്യേകത. പൂർണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഡോ. ജോൺസൺ അന്ത്യാങ്കുളം പറഞ്ഞു.

നാട്ടുകാരുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിഖിൽ നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ സി.വി. ശ്രീധരൻ, പി.വി. ജിത, പഞ്ചായത്ത് സെക്രട്ടറി ആർ. രജിത്ത് എന്നിവർ സംസാരിച്ചു.

വിളവെടുപ്പിനുശേഷം നടന്ന ലേലത്തിൽ 1,100 രൂപ നൽകി പഞ്ചായത്ത് സെക്രട്ടറി ആർ. രജിത്ത് ആദ്യത്തെ ജൈവ വാഴക്കുല സ്വന്തമാക്കി. വൈദികന്റെ കൃഷിയോടുള്ള താൽപര്യവും പള്ളിമുറ്റത്തെ ജൈവകൃഷിയുടെ വിജയവും വെള്ളരിക്കുണ്ടിന് വേറിട്ടൊരു മാതൃകയായി.

No comments