ഗവ. യു.പി. സ്കൂൾ ബേളൂരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു ഔപചാരിക ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ നിർവഹിച്ചു
ബേളൂർ: കോടോം ബേളൂർ ഗവ. യു.പി. സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 'സഹജം 2026' എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് നവംബർ 6, 7, 8 തീയതികളിൽ സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നവംബർ 6-ന് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ കെ.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ കൃഷ്ണൻ ടി. അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഹരീഷ് കുമാർ സി.സി., സീനിയർ അസിസ്റ്റന്റ് സജിന കെ.വി., എസ്.എം.സി. ചെയർമാൻ പി. ദാമോദരൻ, എം.പി.ടി.എ. പ്രസിഡന്റ് സുനിതാ രവി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് കോ-ഓർഡിനേറ്റർ ലേഖ കെ. നന്ദി രേഖപ്പെടുത്തി.
ക്യാമ്പിന്റെ ആദ്യദിനത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ആരോഗ്യ സർവേ നടത്തി. രണ്ടാംദിനത്തിൽ കാരുണ്യ മെഡിക്കൽ സെന്റർ, പരപ്പ, അഹല്യ ഐ ഹോസ്പിറ്റൽ, കാഞ്ഞങ്ങാട് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30-ന് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ശ്രീ. പ്രമോദ് ടി.വി. നയിച്ച റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടന്നു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി. പരിപാടി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ സമാപനദിനമായ നവംബർ 8-ന് 'ക്ലീൻ ഊര് ബേളൂർ' എന്ന പേരിൽ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

No comments