മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി?; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
കണ്ണൂർ: കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മട്ടന്നൂർ സ്വദേശി ജ്യോതി, മകൻ നവീൻ എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാവിലെ വീട്ടിലുണ്ടായിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് അദ്ദേഹം നിലവിളിച്ചതുകേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളിൽ നിന്ന് ചെറിയ രീതിയിൽ ശബ്ദകോലാഹലങ്ങൾ കേട്ടിരുന്നെങ്കിലും, അമ്മയും മകനും തമ്മിലുള്ള സാധാരണ വഴക്കാണെന്നാണ് കരുതിയിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. മകൻ സാധാരണഗതിയിൽ ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നെന്നും, സ്വാഭാവികമായ വഴക്കായിരിക്കുമെന്നാണ് കരുതിയതെന്നും അയൽവാസികൾ വ്യക്തമാക്കി.
ജ്യോതിയും ഭർത്താവ് ജയകൃഷ്ണനും ഇളയമകൻ നവീനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. റിട്ടയേർഡ് അധ്യാപികയാണ് ജ്യോതി. മൂത്ത മകൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികളും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

No comments