പിലിക്കോട് കൊവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം
നീലേശ്വരം : കാസർഗോഡ് കൊവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. പിലിക്കോട് മടിവയൽ പത്താനത്ത് കുഞ്ഞമ്പുവാണ് കൊല്ലപ്പെട്ടത്. കേസിൽ ഒന്നാംപ്രതിയും കുഞ്ഞമ്പുവിന്റെ ഭാര്യയുമായ വെമ്പിരിച്ചി ജാനകി (55), രണ്ടാംപ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റത്തിന് രണ്ടാം പ്രതിക്ക് 10 വർഷം അധികതടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസ് വിചാരണ ഘട്ടത്തിലിരിക്കെ മൂന്നാംപ്രതിയായ അനിൽ ആത്മഹത്യ ചെയ്തിരുന്നു.
2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡ് ബാധയെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായി അവശതയിലായിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാളിൽ കിടക്കുകയായിരുന്നു. ഇയാളെ പരിചരിച്ചുവന്ന ഭാര്യ ജാനകിക്ക് ഇതിലുണ്ടായ ബുദ്ധിമുട്ടുകളും ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ജാനകിയുടെ നിർദേശപ്രകാരം രണ്ടാംപ്രതി രാജേഷും മൂന്നാംപ്രതി അനിലും ചേർന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

No comments