Breaking News

ജോലിക്കിടയിൽ തെരുവുനായ മാന്തി; പുല്ലൂർ, ഉദയനഗർ സ്വദേശി മരണത്തിനു കീഴടങ്ങി, പേവിഷബാധയാണോയെന്ന് സംശയം, സാമ്പിൾ വൈറോളജി ലാബിലേക്കയച്ചു


കാസർകോട്: ജോലിക്കിടയിൽ തെരുവുനായ മാന്തിയത് വഴി ഉണ്ടായ പേ വിഷബാധയെ തുടർന്നാണെന്നു സംശയിക്കുന്നു, തൊഴിലാളി മരണത്തിന് കീഴടങ്ങി. പുല്ലൂർ, ഉദയനഗറിലെ അശോകൻ (55) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. പേവിഷബാധ തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ വൈറോളജി ലാബിലേക്കയച്ചു.
വാഹനങ്ങളുടെ ബോഡി പെയ്ന്റ് ചെയ്യുന്ന തൊഴിൽ ചെയ്തു വരികയായിരുന്നു അശോകൻ. മൂന്നു മാസം മുമ്പ് ചിത്താരിയിൽ ജോലി ചെയ്യുന്നതിനിടയിൽ എവിടെ നിന്നോ എത്തിയ തെരുവു നായ അശോകനെ മാന്തിയിരുന്നുവെന്നു പറയുന്നു. സംഭവം കാര്യമായി എടുക്കാതിരുന്നതിനാൽ പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് അശോകൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധിച്ച ഡോക്ടറാണ് ലക്ഷണങ്ങൾ പേവിഷബാധയുടേതാണോയെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതോടെ സംശയം ഇരട്ടിച്ചു. തുടർന്ന് അശോകനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരത്ത് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വൈറോളജി ലാബിലെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാകു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ അശോകന്റെ ഉദയനഗറിലെ വീടു സന്ദർശിച്ചു. വീട്ടുകാർക്ക് പ്രതിരോധ കുത്തിവെപ്പും നൽകി.

No comments