Breaking News

കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും അങ്കണവാടികളിലും പോഷക തോട്ടങ്ങള്‍ വരുന്നു.


 കാസർകോട്: വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് ഓഫീസും ചേര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളിലും അങ്കണവാടികളിലും പോഷക തോട്ടങ്ങള്‍ ഒരുക്കുന്നു. പോഷക മാസാചരണത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി.ഡി.എസ് പ്രൊജക്ട്, ബ്ലോക്ക് ഓഫീസുകള്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ സ്ഥല ലഭ്യത അനുസരിച്ച് പോഷക തോട്ടങ്ങള്‍ (ന്യൂട്രി ഗാര്‍ഡന്‍) നിര്‍മ്മിക്കും.

പി.എച്ച്.സികള്‍, സി.എച്ച്.സികള്‍, മൃഗാശുപത്രികള്‍, ഗ്രാമ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, ആയുര്‍വേദ ആശുപത്രികള്‍, വില്ലേജ് ഓഫീസുകള്‍, വൃദ്ധ സദനങ്ങള്‍, ചില്‍ട്രണ്‍സ് ഹോമുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ തോട്ടം നിര്‍മ്മിക്കും. കൃഷി ഭവന്‍, വനം വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, പ്രാദേശിക കര്‍ഷകര്‍, തുടങ്ങി വിവിധയിടങ്ങളില്‍ നിന്നും തോട്ട നിര്‍മ്മാണത്തിന് ആവശ്യമായ ഗ്രോ ബാഗുകള്‍, വിത്തുകള്‍, തൈകള്‍, വളങ്ങള്‍ തുടങ്ങിവയ സംഘടിപ്പിക്കും.

ജില്ലയിലെ മുഴുവന്‍ അങ്കണവാടികളലും പദ്ധതി നടപ്പിലാക്കി വരികയാണ്. ജീവനക്കാരുടെ നിര്‍ദ്ദേശാനുസരണം അങ്കണവാടികളിലെ കൗമാരക്കാരായ ആണ്‍കുട്ടികളുടേും പെണ്‍കുട്ടികളുടേയും ക്ലബ്ബുകളും ചില്‍ഡ്രന്‍സ് ക്ലബ്ബുമാണ് പോഷക തോട്ടത്തിന്‍റെ നിര്‍മ്മാണത്തിലും പരിപാലത്തിനും മുന്‍കൈ എടുക്കുന്നത്.

പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പോഷക സമൃദ്ധമായ മറ്റ് വിളകളുമാണ് പോഷകത്തോട്ടത്തില്‍ ഉള്‍പ്പെടുത്തുക. വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മറ്റ് ഭക്ഷ്യ വിളകളും പരിചയപ്പെടുത്തി അങ്കണവാടികളല്‍ പരിപാടികള്‍ നടന്നുവരികയാണ്. ഓരോ ദിവസ വും ഓരോ നിറം നല്‍കി ആ നിറത്തിലുളള പോഷകാഹാരങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടി നടന്നുവരുന്നതിനിടയിലാണ് പോഷക തോട്ടങ്ങളുടെ നിര്‍മ്മാണം.

ജില്ലയില്‍ മാതൃകാ പോഷക തോട്ടം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരത്ത് ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ജില്ലാ ഐ.സി.ഡി.എസ് ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.

No comments