Breaking News

ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തില്ല കുന്നുംകൈ ടൗണില്‍ ഗതാഗത തടസ്സം


 കുന്നുംകൈ: കനത്ത മഴയില്‍ കുന്നുംകൈ ടൌണിലെ ഹൃദയ ഭാഗത്ത് നിലം പതിച്ച കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാല്‍ ഇത് വഴിയുള്ള ഗതാഗതം തടസ്സവും അപകട സാധ്യതയും വര്‍ദ്ധിക്കുന്നു. വലിയ കല്ലുകളും മണ്ണും ടൗണിലെ റോഡിനു മുകളില്‍ കൂട്ടിയിട്ടത് കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു തടസ്സം നേരിടുകയാണ്. മണ്ണിടിഞ്ഞ സമയത്ത് ഭൂരിഭാഗം മണ്ണും കല്ലും രാത്രി തന്നെ മാറ്റിയിരുന്നു. ബാക്കിവരുന്നവ മറ്റൊരു ദിവസം മാറ്റാമെന്ന അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ .മാറ്റാന്‍ തയ്യാറാകുന്നില്ല.ഇത് കാരണം ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ പ്രയാസത്തിലാണ്. മുക്കട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എതിര്‍ ദിശയിലേക്കു കടന്നു സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ അപകടം പതിവാകുകയാണ്. കഴിഞ്ഞ ദിവസം ചിറ്റാരിക്കല്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക് യാത്രക്കാരനെ ഭീമനടി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ തട്ടി പരുക്ക് പറ്റിയിരുന്നു. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനും സ്ഥലമില്ലത്തതും ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.വെള്ളരിക്കുണ്ട് ഭീമനടി ഭാഗത്ത് പോകുന്നവര്‍ക്ക് ബസ് കാത്ത് നില്‍ക്കാനുള്ള സൌകര്യവും ഇല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയിലാണ് ടൌണിലെ കൂറ്റന്‍ മണ്‍ കൂന നിലം പതിച്ചത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള മണ്ണിടിച്ചിലുണ്ടാകുന്നത്. ഇതിനെത്തുടര്‍ന്ന് ടൌണിലെ മിനിമാസ്റ്റ് ലൈറ്റ് അടക്കം പതിനഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നിരുന്നു. റോഡിന്റെ ഒരു ഭാഗത്തുള്ള അന്‍പത് അടിയോളം വരുന്ന കുന്നു ഇടിച്ച തും റോഡിന്റെ ഘടനെയേ തന്നെ മാറ്റി മറിച്ചു നിര്‍മ്മാണം നടത്തിയതിലും ഉണ്ടായ പാളിച്ചയാണ് വന്‍ ദുരന്തത്തിനു കാരണമായത്. നിര്‍മ്മാണ സമയത്ത് ഈ മണ്‍ തിട്ട മാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ മുന്‍ കരുതലോ മറ്റോ എടുക്കാത്തതാണ് അപകടം വരുത്തിവെച്ചത്. നിര്‍മ്മാണ വേളയില്‍ പാറക്കല്ലുകള്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചതും മണ്ണിടിച്ചിലിന് കാരണമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഗതാഗതത്തിന് തടസ്സമാകുന്ന കല്ലും മണ്ണും എത്രയുംവേഗം എടുത്തുമാറ്റി ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനം ഉടന്‍ നടത്തനമെന്നാണ് നാട്ടുകാരുടെ ആവശ്യം

No comments