കൊന്നക്കാട് പാമത്തട്ടിൽ ജൈവ വൈവിധ്യ പഠനത്തിന് നിർദ്ദേശം
കൊന്നക്കാട്: പാമത്തട്ടിലെ നിർദ്ദിഷ്o ക്വാറി മൂലം ആ മേഖലയിൽ ജൈവവൈവിധ്യത്തിന് ഉണ്ടാവാനിടയുള്ള ആഘാതങ്ങളെക്കുറിച്ച് അടിയന്തിരമായി പഠനം നടത്തി 15 ദിവസത്തിനകം റിപ്പോർട്ടു നൽകാൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡു് അതു സംബന്ധിച്ച ജില്ലാതല വിദഗ്ദസമിതിക്ക് നിർദ്ദേശം നൽകി. ജൈവവൈവിധ്യ കലവറയായ കോട്ടഞ്ചേരി വനത്തിൻ്റെ ഭാഗമായ പന്നിയാർമാനിയുടെ താഴ് വാരത്താണ് കരിങ്കൽ ക്വാറിക്ക് അനുമതി തേടിയിട്ടുള്ളത്. മതിയായ ജൈവവൈവിധ്യ പഠനമോ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെകുറിച്ചുള്ള വിലയിരുത്തലുകളോ നടത്താതെയാണ് ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളത് എന്ന ആക്ഷേപത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. തൈക്കടപ്പുറം നെയ്തൽ ഇതു സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് പരാതി നൽകിയിരുന്നു. ബോർഡിൻ്റെ നടപടിയെ ക്വാറിക്കെതിരെ സമരവും നിയമയുദ്ധവും നടത്തി വരുന്ന പാമത്തട്ട് സംരക്ഷണ സമിതി സ്വാഗതം ചെയ്യുന്നതായി കണവീനർ റിജോഷ് മൂലേച്ചാലിൽ അറിയിച്ചു.

No comments