Breaking News

വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്: ഇരിട്ടി മാക്കൂട്ടത്ത് കർണാടക നിയന്ത്രണങ്ങള്‍ ശക്തമാക്കി


ഇരിട്ടി: കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കർണാടക കടുപ്പിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്. ഇതോടെ മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ അധികൃതർ നിയന്ത്രണം കടുപ്പിച്ചു.


കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ പിടികൂടിയിരുന്നു. നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തിവിടുന്നത്. സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർകൂടി തുറന്നു. പോലീസിന്റെ എണ്ണവും വർധിപ്പിച്ചു.


വ്യാജ സർട്ടിഫിക്കറ്റ് ഇങ്ങനെ


ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റിൽ ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും. കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ പരിശോധനയ്ക്കും മറ്റുമാണ് മറ്റൊരു കൗണ്ടർ കൂടി തുറന്നിരിക്കുന്നത്. വ്യാജൻമാർക്കെതിരേ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റുമായി നിരവധി പേർ അതിർത്തി കടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസിന്റെയും കുടക് ജില്ല അധികൃതരുടെയും ഉന്നത ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ എത്തി പരിശോധന നടത്തി. ഇപ്പോൾ സർട്ടിഫിക്കറ്റുകൾ എല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളൂ. വിശദമായ പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാർ 24 മണിക്കൂറും ചെക്ക് പോസ്റ്റിൽ സജ്ജമാണ്.


No comments