ചെറുവത്തൂരിൽ ഒരുകുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട സംഭവം കുട്ടികളെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സർജൻ്റെ മൊഴി
വയസുകാരി വൈദേഹിയെയും ആറ് വയസുകാരൻ ശിവനന്ദിനെയും പിതാവ് ചെറുവത്തൂർ മടിക്കുന്നിലെ ഓടോറിക്ഷ ഡ്രൈവർ രൂപേഷ് (35) കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതാണെന്ന തരത്തിൽ പോസ്റ്റ് മോർടം നടത്തിയ പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകി.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രൂപേഷ് കെട്ടി തൂങ്ങി മരിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തി ചേർന്നിരിക്കുന്നത്. അതിനിടെ രൂപേഷിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭാര്യ സവിതയുമായും വീട്ടുകാരുമായും മറ്റുമുള്ള കുടുംബകാര്യങ്ങളാണ് എഴുതിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് വെളിപ്പെടുത്തി.
കുടുംബ പ്രശ്നത്തെ തുടർന്ന് രൂപേഷും ഭാര്യ സവിതയും ഒന്നര വർഷത്തിലധികമായി അകന്നു കഴിയുകയാണ്. ഇത് സംബന്ധിച്ച് കുടുംബ കോടതിയിലടക്കം കേസ് നിലനിൽക്കുന്നുണ്ട്. ഒരാഴ്ച വീതം കുട്ടികളെ അമ്മയുടെയും അച്ഛന്റെയും അടുക്കൽ നിർത്തണമെന്ന് കോടതി നിർദേശമുണ്ട്. കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളും കേസും കോടതിയും രൂപേഷിനെ വല്ലാത്തൊരു മാനസീക പ്രശ്നത്തിലാക്കിയിരുന്നതായാണ് പൊലീസിൻ്റെ സംശയം. ഇതാകാം ഇത്രയും ക്രൂരമായ കടുങ്കൈക്ക് രൂപേഷിനെ പ്രേരിപ്പിച്ചതെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.
കുട്ടികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞതിൻ്റെ പിറ്റേന്നാണ് രണ്ട് മക്കളെയും കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്. പിലിക്കോട് ജി യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
നിസാരമായ കുടുംബ പ്രശ്നങ്ങളിൽ പലപ്പോഴും ഇരകളാക്കപ്പെടുന്നത് ഒന്നും അറിയാത്ത കുഞ്ഞുങ്ങളാണെന്ന നഗ്ന സത്യമാണ് ഈ സംഭവത്തോടെ വെളിച്ചത്ത് വരുന്നത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് പോസ്റ്റ് മോർടം നടത്തിയത്.
No comments