Breaking News

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ നീലേശ്വരം സ്റ്റോപ്പ് നിർത്തലാക്കി; പ്രതിഷേധം ശക്തം


നീലേശ്വരം: മംഗലാപുരം-ചെന്നൈ സെൻട്രൽ സർവീസ് നടത്തുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ ( 22637)  നീലേശ്വരം സ്റ്റോപ്പ് എടുത്ത് കളഞ്ഞു. കോവിഡ് നിയന്ത്രണം കാരണം നിർത്തലാക്കിയ സർവീസ് ഏപ്രിൽ എട്ടിന് മംഗലാപുരത്ത് നിന്നും ഒമ്പതിന് ചെന്നൈയിൽ നിന്നും സർവീസ് പുനരാരംഭിക്കുമ്പോൾ നീലേശ്വരത്ത് നിർത്തില്ല. അർദ്ധ രാത്രിയാണ് വെസ്റ്റ് കോസ്റ്റ് നീലേശ്വരത്ത് എത്തുക. നിരവധി യാത്രക്കാരാണ് വെസ്റ്റ് കോസ്റ്റിൽ സ്ഥിരമായി നീലേശ്വരത്ത് നിന്നും ചെന്നൈയിലേക്ക് യാത്രചെയ്യുന്നത്. സ്റ്റോപ്പ്  നിർത്തലാക്കിയത് ദീർഘ ദൂര യാത്രക്കാർക്ക് വളരെയേറെ ബുദ്ദിമുട്ട് സൃഷ്ടിക്കും. ജില്ലയിലെ പ്രധാന സ്റ്റേഷൻ ആയിരുന്നിട്ടും നീലേശ്വരത്ത് നിന്നും വെസ്റ്റ് കോസ്റ്റിന്റെ സ്റ്റോപ്പ് എടുത്ത് കളഞ്ഞത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ കരിന്തളം, മടിക്കൈ, കയ്യൂർ ചീമേനി, ചെറുവത്തുർ തുടങ്ങിയ പഞ്ചായത്തുകളിലേയും നീലേശ്വരം മുൻസിപ്പാലിറ്റിയിലേയും ജനങ്ങൾ പൂർണമായും കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ ജനങ്ങൾ ഭാഗീകമായും നീലേശ്വരം റയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച ഹസ്രത്ത് നിസാമുദീൻ - എറണാകുളം എക്സ്‌പ്രസ് വണ്ടിയുടെ സ്റ്റോപ്പും നീലേശ്വരത്ത് നിന്നും എടുത്ത് കളഞ്ഞിരുന്നെങ്കിലും ഡൽഹിയിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശി മനോജിന്റെ ഇടപെടൽ കാരണം സ്റ്റോപ്പ് പുനഃസ്ഥാപിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ നീലേശ്വരം സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിന് സ്ഥലം എം പി ഇടപെടണമെന്നാവശ്യം ശക്തമായിട്ടുണ്ട്.  എട്ടോളം പഞ്ചായത്തുകളുടെയും രണ്ട് മുൻസിപ്പാലിറ്റിയിലെയും ജനങ്ങൾ ആശ്രയിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും പതിറ്റാണ്ട് പഴക്കമുള്ള  വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പ് എടുത്ത കളഞ്ഞ നടപടി പ്രതിഷേധാർഹമാണെന്നും സ്റ്റോപ്പ് ഉടൻ പുനഃസ്ഥാപിക്കണമെന്നും നീലേശ്വരം വികസന സമിതി അഭിപ്രായപ്പെട്ടു.

No comments