Breaking News

വീട്ടുമുറ്റത്ത് നാലാം ക്ലാസുകാരിയുടെ നാരങ്ങ മിഠായി കച്ചവടം; ആദ്യലാഭം 500രൂപ കുഞ്ഞുകൈയ്യിലൂടെ അതിജീവന കേരളത്തിന്


അമ്പലത്തറ: ഇത് നത ലത്തീഫ്. നാലാം ക്ലാസ്സുകാരി, ബാലസംഘം കൂട്ടുകാരി. പാറപ്പള്ളി കാട്ടിപ്പാറയിലെ ലത്തീഫ്-ജംസ ദമ്പതികളുടെ മകൾ. ''ഉപ്പാ എനിക്ക് നാരങ്ങ മിഠായിയും, ഉപ്പിലിട്ട മാങ്ങയും, ഐസുമൊക്കെ വിൽക്കാൻ വീടിനോട് ചേർന്ന് ഒരു കുഞ്ഞു കട ഉണ്ടാക്കി തരുമോ " എന്ന നത മോളുടെ ചോദ്യത്തെ തുടർന്നാണ് ഉപ്പ ലത്തീഫ് ഒരു കുഞ്ഞു കട വീടിനോട് ചേർത്ത് മോൾക്കായി ഉണ്ടാക്കിക്കൊടുത്തത്. കഴിഞ്ഞ 7 ദിവസമായി നത മോൾ അവിടിരുന്ന് 'കച്ചവടം' ചെയ്യുകയാണ്. എല്ലാ ദിവസവും ഉപ്പയുടെ കൂടെയിരുന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുന്ന ശീലം നത മോൾക്കുണ്ട്. ഇന്നലെ നത മോൾ ഉപ്പയോട് പറഞ്ഞു ''ഉപ്പാ എൻ്റെ കച്ചോടം കൊയപ്പൂല, 500 രൂപ ലാഭം കിട്ടീറ്റിണ്ട്, ആ പൈസ എൻക്ക് നമ്മളെ മുഖ്യമന്ത്രിക്ക് കൊടുക്കണം".  കേരളത്തിൻ്റെ അതിജീവന പോരാട്ടത്തിൽ അണി ചേരാൻ ആ കുഞ്ഞു മനസ്സും സ്വയം സന്നദ്ധമാവുകയായിരുന്നു. യാതൊരു വിധ പ്രേരണയോ നിർദ്ദേശമോ ഇല്ലാതെയാണ് ഈ കുഞ്ഞു ശരീരത്തിലെ വലിയ മനസ് ഇത്തരമൊരാശയവുമായി മുന്നോട്ടു വന്നത്. CMDRF ലേക്ക് നൽകാൻ ആ തുക നത മോൾ പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ എ.വി.കുഞ്ഞമ്പുവിനെ ഏൽപ്പിച്ചു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം സുനിൽ പാറപ്പള്ളി, സുനിൽകുമാർ കുമ്പള എന്നിവർ സംബന്ധിച്ചു. സമ്പാദ്യക്കുടുക്ക പൊട്ടിച്ചും, വിഷുക്കൈനീട്ടം നൽകിയുമൊക്കെ ഇങ്ങനെ ഒരുപാടൊരുപാട് കുഞ്ഞു നതലത്തീഫുമാർ നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ കേരളം അതിജീവിക്കാതിരിക്കുക തന്നെ ചെയ്യും

No comments