വാട്സാപ്പ് ഗ്രൂപ്പ് അംഗത്തിന്റെ പ്രവർത്തികൾക്ക് അഡ്മിൻ ഉത്തരവാദിയല്ല: ബോംബെ ഹൈക്കോടതി
മുംബൈ: വാട്സാപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് അംഗീകാരം നൽകാൻ അഡ്മിന് കഴിയില്ലെന്ന് ജസ്റ്റിസുമാരായ സെഡ് എ ഹഖും എം എ ബൊർക്കറുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു വാട്സാപ്പ് ഗ്രൂപ്പിൽവന്ന അശ്ലീല പരാമർശങ്ങളുടെ പേരിൽ അഡ്മിനെതിരേ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 33കാരനെതിരെ 2016ലെടുത്ത എഫ്ഐആറാണ് കോടതി റദ്ദാക്കിയത്.
വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയതിനാൽ ആ ഗ്രൂപ്പിൽ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുക, അനുയോജ്യമല്ലാത്ത പോസ്റ്റുകൾ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളേ ഗ്രൂപ്പ് അഡ്മിനുള്ളൂ. ഗ്രൂപ്പിൽ അംഗമായ ആൾക്ക് അഡ്മിനിന്റെ മുൻകൂർ അനുമതിയില്ലാതെ എന്തു പരാമർശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കിൽമാത്രമേ അതിന്റെ പേരിൽ അഡ്മിനെതിരേ നടപടിയെടുക്കാനാവൂ -ഹൈക്കോടതി വ്യക്തമാക്കി.
ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിൽ ഒരു അംഗം പരാമർശം നടത്തിയിട്ടും അഡ്മിൻ അയാൾക്കെതിരേ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി അഡ്മിനെതിരെ പരാതി നൽകിയത്. അശ്ലീല പരാമർശം നടത്തിയയാളോട് ഖേദപ്രകടനം നടത്താൻ ആവശ്യപ്പെടാനോ അയാളെ ഗ്രൂപ്പിൽനിന്ന് പുറത്താക്കാനോ അഡ്മിൻ തയ്യാറായില്ല. പകരം നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തിൽ അംഗം നടത്തിയ പരാമർശത്തിന്റെ പേരിൽ അഡ്മിനെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
വാട്സാപ്പ് ഗ്രൂപ്പിലെ അംഗം അധിക്ഷേപകരമായ പരാമർശം നടത്തിയാൽ അയാൾക്കെതിരേ നടപടിയെടുക്കാം എന്നല്ലാതെ ഗ്രൂപ്പ് അഡ്മിനെതിരേ നടപടിയെടുക്കാൻ വ്യവസ്ഥയില്ലെന്ന് കോടതി വ്യക്തമാക്കി. അല്ലെങ്കിൽ അഡ്മിനുംകൂടി അറിഞ്ഞ് പൊതു ഉദ്ദേശ്യത്തോടെയാണ് പരാമർശം നടത്തിയതെന്ന് തെളിയിക്കാനാവണം. അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ മുൻകൂട്ടി കാണാനോ തിരുത്തൽ വരുത്താനോ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒഴിവാക്കാനോ അഡ്‌മിന് കഴിയുകയില്ല എന്നതുകൊണ്ട് അതിന്റെ ഉത്തരവാദിത്വവും അയാളിൽ ആരോപിക്കാനാവില്ല -കോടതി വ്യക്തമാക്കി.
No comments