Breaking News

ക്യാമറയ്ക്ക് പിന്നിൽ സൂപ്പർ താരത്തിൻ്റെ അരങ്ങേറ്റം; മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം തുടങ്ങി

 കൊച്ചി:അഭിനേതാവില്‍നിന്ന് സംവിധായകനായി മോഹന്‍ലാലിന്റെ അരങ്ങേറ്റം. ബറോസിന്റെ ചിത്രീകരണം കൊച്ചി കാക്കനാട് സ്റ്റുഡിയോയില്‍ തുടങ്ങി. ക്യാമറയുമായി സന്തോഷ് ശിവനും സഹായവുമായി നവോദയുടെ അമരക്കാരനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെ സംഘം കൂടെയുണ്ടായിരുന്നു. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരന്‍ ഭൂതമായ ബറോസിനെ തേടിയെത്തുന്ന പെണ്‍കുട്ടിയുടെ രംഗങ്ങളാണ് ഇന്ന് ചിത്രീകരിച്ചത്. അമേരിക്കന്‍ മോഡലും നടിയുമായ ഷയാല മക് കാഫ്രേയാണ് പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്നത്. തിരനോട്ടത്തിനും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനുമൊപ്പം മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിന് തുടക്കമിട്ട നവോദയ താരത്തിന്റെ ആദ്യ സംവിധാന സംരംഭത്തിനും സാക്ഷിയായി.


വാസ്‌കോ ഡ ഗാമയുടെ നിധിശേഖരം കാത്തുസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതത്തെത്തേടി പെണ്‍കുട്ടി എത്തുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ബറോസായി മോഹന്‍ലാല്‍ തന്നെയാണ് വേഷമിടുന്നത്. സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേല്‍ അമര്‍ഗോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ വേഷമാണ് പാസ് വേഗയ്ക്ക്. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. മലയാളത്തില്‍നിന്ന് പൃഥ്വിരാജ്, പ്രതാപ് പോത്തന്‍ ഉള്‍പ്പെടെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡിസംബറില്‍ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ദി വേള്‍ഡ്സ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ അതിവേഗ പിയാനോ വായനയിലൂടെ ലോകത്തെ അമ്പരപ്പിച്ച അത്ഭുത ബാലന്‍ ലിഡിയന്‍ നാദസ്വരമാണ് സംഗീതം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വിതരണം മാക്‌സ് ലാബ്. 

No comments