Breaking News

കോവിഡിനെതിരെ അധ്യാപകർ പോരാളികളായി മുന്നിട്ടിറങ്ങണം; കെ.എസ്.ടി.എ


 

കാസര്‍കോട്​: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം അതിതീവ്രമായ സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലും ബോധവത്കരണത്തിലും മുഴുവന്‍ അധ്യാപകരും സജീവ പങ്കാളികളാകണമെന്ന് കെ.എസ്.ടി.എ ജില്ല കമ്മിറ്റി. ജില്ല ഒറ്റക്കെട്ടായി കൈകോര്‍ത്തതിലൂടെയാണ് ഒന്നാംഘട്ട കോവിഡ് പ്രതിരോധം ശക്​തമായത്.
അതിലൂടെ രോഗവ്യാപനവും മരണനിരക്കും കുറക്കാനും കഴിഞ്ഞു. ഈ ഘട്ടം അതിനിര്‍ണായകമാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം അനിവാര്യമായ ഈ അവസ്ഥയില്‍ അധ്യാപകര്‍ സ്വയം സന്നദ്ധ പോരാളികളായി മുന്നിട്ടിറങ്ങി പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അധ്യാപകര്‍ താമസിക്കുന്ന പഞ്ചായത്ത് / മുനിസിപ്പല്‍ ഓഫിസുകളില്‍ സ്വയം പേര് രജിസ്​റ്റര്‍ ചെയ്ത്, മാഷ് പദ്ധതി, ജാഗ്രത സമിതി എന്നിവയുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
അതോടൊപ്പം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വാക്സിനേഷനെക്കുറിച്ച്‌ ശാസ്ത്രീയ അവബോധം സൃഷ്​ടിച്ച്‌ സഹായ സംവിധാനങ്ങള്‍ ഒരുക്കും. ദുരന്തവേളകളിലും മഹാമാരിക്കാലത്തും സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള അധ്യാപക സമൂഹം ഇക്കാര്യത്തിലും പ്രതിജ്ഞാബദ്ധരാണ്.
പൊതുസമൂഹത്തെ രോഗവ്യാപന ദുരിതത്തില്‍നിന്ന് രക്ഷിക്കാന്‍ മനുഷ്യസാധ്യമായ ഇടപെടല്‍ നടത്താനുള്ള പോരാട്ടത്തില്‍ മുഴുവന്‍ അധ്യാപകരും അണിനിരക്കണമെന്ന് ജില്ല കമ്മിറ്റി അഭ്യര്‍ഥിച്ചു. ജില്ല പ്രസിഡന്‍റ് എ.ആര്‍. വിജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. രാഘവന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം സി.എം. മീനാകുമാരി, ജില്ല സെക്രട്ടറി പി. ദിലീപ് കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ. ഹരിദാസ്, എന്‍.കെ. ലസിത, ജില്ല ട്രഷറര്‍ ടി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

No comments