കണ്ണൂരിൽ പറമ്പിൽ സൂക്ഷിച്ച ഉഗ്ര സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു
കണ്ണൂർ : താഴെ ചൊവ്വയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ഉഗ്ര സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. സാന്ത്വനം ഹൗസിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നുമാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. പോലീസ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
ഉത്സവങ്ങളിൽ വെടിക്കെട്ടിനായി ഉപയോഗിക്കുന്ന ഗുണ്ടുകളാണ് പിടിച്ചെടുത്തത്. പരിശോധനയിൽ 20 ഗുണ്ടുകൾ പോലീസ് കണ്ടെടുത്തു. അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം പോലീസിനെ ഭയന്ന് ബിജു ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേയാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ഇത് പ്രദേശവാസികളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
No comments