Breaking News

കോര്‍ട്ട് മാര്‍ഷലിന് സാക്ഷി‍യായി ഏഴിമല നേവല്‍ അക്കാദമി, ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത് മത്സ്യത്തൊഴിലാളി മരിച്ച കേസില്‍

 

കണ്ണൂര്‍: പ്രതിരോധ സേനാംഗങ്ങള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റ വിചാരണ രീതിയായ കോര്‍ട്ട് മാര്‍ഷലിന് സാക്ഷിയായി ഏഴിമല നേവല്‍ അക്കാദമി. പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിലാണ് ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത് .


2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക കോര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ ഭഗവതി പറമ്ബില്‍ ഭുവനചന്ദ്രനാണ്(54)അപകടത്തെ തുടര്‍ന്ന് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഭുവനചന്ദ്രന്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്തെ പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയത്തിനടുത്താണ് അപകടമുണ്ടായത്.ഭുവനചന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്ന് നേവിയിലേക്ക് പോകുകയായിരുന്ന ബെന്‍സ് കാറിടിച്ചാണ് അപകടം. ഏഴിമല നാവിക അക്കാദമിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെപിസി റെഡി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭുവനചന്ദ്രനെ പയ്യന്നൂരിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അപകടത്തില്‍ തലയില്‍ ശക്തമായ ക്ഷതമേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 13ന് പുലര്‍ച്ചെ 12.45ഓടെ ഇയാള്‍ മരണപ്പെട്ടു.


ഇയാളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നേവി ക്യാപ്റ്റനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങള്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടാല്‍ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. നാട്ടുകാരായ സാക്ഷികളില്‍നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കോര്‍ട്ട് മാര്‍ഷലിന് ശേഷം സൈനിക കോടതി ശിക്ഷവിധിക്കും.

No comments