പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; വി ഡി സതീശന് സാധ്യത
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ടും തര്‍ക്കങ്ങള്‍ കാരണം പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. എം എല്‍ എമാരില്‍ ഭൂരിഭക്ഷത്തിന്റേയും പിന്തുണയുടെ അടിസ്ഥാനത്തില്‍ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ചില നേതാക്കളുടെ അതൃപ്തി നേതൃത്വത്തെ കുഴക്കുന്നു. രമേശ് ചെന്നിത്തലക്കായി ഉമ്മന്‍ചാണ്ടി നിലുറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്നാണ് ഉമ്മന്‍ചാണ്ടിയുടേതടക്കം നിലപാട്. എന്നാല്‍ ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
എ ഐ സി സി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈത്തിലിംഗം എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാന്‍ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോള്‍ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷികളുടെ പ്രതികരണം.
No comments