Breaking News

കോവിഡ്പ്രതിരോധ പ്രവർത്തനത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി


ബളാൽ ഗ്രാമപഞ്ചായത്ത് കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിരോധ മുൻകരുതൽ പ്രവർത്തനങ്ങളിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നുവെന്ന് എൽ.ഡി.എഫ് ബളാൽ പഞ്ചായത്ത് കമ്മറ്റി കൺവീനർ ടി.പി തമ്പാൻ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ വാർഡുകളിലും പ്രധാന ടൗണുകളിലും കോവിഡിന്റെ വ്യാപനം തീവ്രമാണ്. എന്നാൽ ഇത് വരെ ഇത് നിസംഗമായി നോക്കി കാണുകയാണ് ഭരണ സമിതിയെന്നും എൽഡിഎഫ് കമ്മറ്റി ആരോപിച്ചു.

വാർഡുതല സമിതികളെ കുറിച്ചു ഇത് വരെ ഒരാലോചനയും ഉള്ളതായി മനസിലാകുന്നില്ലെന്നും

വാർറൂം രൂപീകരിക്കുന്നതിലും സന്നദ്ധ പ്രവർത്തകരായ വളണ്ടിയർമാരെ നിശ്ചയിക്കുന്നതിലും കടുത്ത അമാന്തത്തോടൊപ്പം സ്വജന പക്ഷപാതവും രാഷ്ട്രീയ താൽപര്യവും മാത്രമാണ് പ്രകടിപ്പിക്കുന്നതെന്നും എൽഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ പ്രാവശ്യം നല്ല നിലയിൽ സേവനമനുഷ്ടിച്ച വളണ്ടിയർമാരെ ഒഴിവാക്കി ജനങ്ങളറിയാത്ത ജനങ്ങളെ അറിയാത്ത ചില അപരിചിതരാണ് മിക്ക വാർഡുകളിലേയും സന്നദ്ധ പ്രവർത്തകരായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വളണ്ടിയർമാരെന്നും, വാർ ഗ്രൂപ്പ് ഭരണ സമിതിയുടെ രാഷ്ട്രീയ വാർ ഗ്രൂപ്പായി മാറുകയാണുണ്ടായതെന്നും  ആരോപണമുണ്ട്.

  രോഗവ്യാപനം മൂർച്ഛിച്ച സാഹചര്യത്തിൽ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടത്തിവന്ന ടെസ്റ്റുകളും പരിമിതപ്പെടുത്തിയിരിക്കുകയാണ്. നൂറിലധികംപട്ടികജാതി പട്ടികവർഗ കോളനികളുള്ള പഞ്ചായത്തിൽ മിക്ക കോളനികളേയും രോഗം ഗ്രസിച്ചിരിക്കുന്ന ഈ ഗുരുതര സാഹചര്യത്തിലും ഡൊമിസിലറി കെയർ സെന്റർ യാഥാർഥ്യമായില്ല. ഇത് രോഗവ്യാപനം തീവ്രമാക്കുന്നതായും എൽഡിഎഫ് ആരോപിച്ചു.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുവാൻ ഭരണ സമിതി തയാറാകണമെന്നും എൽ.ഡി.എഫ് ബളാൽ പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

No comments