പാവപ്പെട്ട വൃക്കരോഗികൾക്ക് കാസര്‍ഗോഡ് ജില്ലയിൽ സൗജന്യ ഡയാലിസിസ്; ജില്ലാ പഞ്ചായത്തിന്റെ കിഡ്‌സ് പദ്ധതി ജൂണ്‍ ആദ്യവാരം
കാസർകോട്: പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഇനി ചികിത്സയ്ക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കിഡ്‌സ് (കാസർകോട്‌സ് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപ്പോർട്ട്) എന്ന പേരിലാണ് പദ്ധതി.
പട്ടികജാതി, പട്ടികവർഗ, ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ സേവനം ലഭ്യമാകുക. രോഗികളുടെ ഡേറ്റാ ബാങ്ക് തയ്യാറാകുന്ന മുറയ്ക്ക് എ.പി.എൽ. വിഭാഗത്തിലെ അർഹരായവർക്കും സേവനം പ്രയോജനപ്പെടുത്താം.
ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യാനുള്ള ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കളക്ടർ ഡോ. ഡി. സജിത് ബാബുവും അറിയിച്ചു.
നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ജില്ലാതല അപെക്‌സ് ഡയാലിസിസ് സൊസൈറ്റിക്ക് രൂപം നൽകും.
ഡയാലിസിസ് സംബന്ധമായ എല്ലാ ചെലവുകളും അതത് സൊസൈറ്റികൾ വഹിക്കും. ജില്ലയിലെ 673 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കാൻ പ്രതിവർഷം 5.88 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും നഗരസഭകളും ചേർന്ന് 1.96 കോടി രൂപയും ആറ് ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്ന് 1.96 കോടി രൂപയും ബാക്കി വരുന്ന തുക ജില്ലാ പഞ്ചായത്തും വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
രോഗികളുടെ യാത്രാദുരിതം കുറയ്ക്കുന്നതിന് അതത് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഡയാലിസിസ് സംവിധാനമുള്ള ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കാം.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പഞ്ചായത്ത്, നഗരസഭാ വാർഡ് പ്രതിനിധി സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തടെ സമർപ്പിക്കണം.
No comments