പാൽ സംഭരിച്ച് ക്ഷീരകർഷകർക്ക് കൈത്താങ്ങേകി ഈസ്റ്റ്എളേരി മണ്ഡലം കോൺഗ്രസ്
ചിറ്റാരിക്കാൽ : ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകരെ വീണ്ടും ദുരിത കയത്തിലേക്ക് തള്ളിവിടുന്ന സംസ്ഥാന ക്ഷീര വകുപ്പിന്റെ നയത്തിൽ പ്രതിഷേധിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരിൽ നിന്ന് പാൽ സംഭരിച്ച് വിവിധ അനാഥാലയങ്ങളിലും , കോവിഡ് രോഗികളുടെ വീടുകളിലും, പ്രദേശത്തെ വിവിധ കോളനികളിലും സൗജന്യമായി വിതരണം ചെയ്തു. തയേനി , അരിയിരുത്തി, പാലാവയൽ , ചിറ്റാരിക്കാൽ എന്നി പാൽ സൊസൈറ്റികളിൽ പാൽ വിൽക്കുന്ന കർഷകരിൽ നിന്നാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വില കൊടുത്ത് പാൽ സംഭരിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിണ്ടന്റ് ജോർജ് കരിമഠം, അഡ്വ. ജോസഫ് മുത്തോലിൽ, ജോസ് കുത്തിയതോട്ടിൽ, എം.കെ ഗോപാലകൃഷ്ണൻ, ജെയിംസ് ചിറത്തല, ഷിജിത്ത് തോമസ് കുഴുവേലിൽ, സണ്ണി നടുവിലേക്കുറ്റ്, ചാക്കോ കിഴുതറ എന്നിവർ നേതൃത്വം നൽകി. കാലിത്തീറ്റയുടെ വില കയറ്റം , പാലിന്റെ വിലകുറവ്, എന്നിവമൂലം നട്ടം തിരിയുന്ന ക്ഷീര കർഷകരോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയുടെ മറ്റൊരു ഉദാഹരണമാണ് ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പാൽ സംഭരണം വെട്ടിക്കുറച്ചതിലൂടെ വ്യക്തമാകുന്നതെന്ന് വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു . കർഷകദ്രോഹനയം എത്രയും പെട്ടെന്ന് പിൻവലിച്ച് ക്ഷീര കർഷകരെ ദുരതത്തിൽനിന്ന് കരകയറ്റുന്നതിനുള്ള സത്വര നടപടികൾ ഉടനടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
No comments