Breaking News

നഷ്ടമായ സ്ക്കൂൾകാലവും പുതിയ പ്രതീക്ഷകളും പങ്ക് വെച്ചു കൊണ്ടുള്ള കോളംകുളത്തെ റിയ ഹരി എന്ന രണ്ടാം ക്ലാസുകാരിയുടെ വീഡിയോ വൈറൽ


വെള്ളരിക്കുണ്ട് : പുതിയൊരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ പോയ വർഷത്തെ നഷ്ടങ്ങളും ആശങ്കകളും പുതിയ പ്രതീക്ഷകളും പങ്ക് വെച്ചു കൊണ്ടുള്ള ഒരു രണ്ടാം ക്ലാസുകാരിയുടെ വീഡിയോ നവ മാധ്യമങ്ങളിൽ വൈറലായി. ബിരിക്കുളം എയുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി റിയ ഹരിയാണ് 1.26 മിനിറ്റ് ദൈർഘ്യമുള്ള തന്റെ വീഡിയോ പോസ്റ്റിലൂടെ താരമായത്. രണ്ടാം ക്ലാസിൻ്റെ പടി പോലും ചവിട്ടാതെ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന കുട്ടിയുടെ മനസിൽ പാട്ടു പാടിയും കഥ പറഞ്ഞും തുള്ളിച്ചാടിയ ഒന്നാം ക്ലാസിലെ ഓർമകൾ മാത്രം. അധ്യാപകരുടെ സ്നേഹവാത്സല്യവും ശിക്ഷണവും ഏറ്റുവാങ്ങാനാകാതെ കൂട്ടുകാരോടൊപ്പമുള്ള സുന്ധര നിമിഷങ്ങൾ അനുഭവിക്കാനാകാതെ ആ മനോഹരമായ സ്കൂൾ ജീവിതം ഉപയോഗിക്കാനാവാതെ എന്റെ തലമുറയ്ക്ക് നഷ്ടമായിരിക്കുന്നു എന്ന് ആ കുഞ്ഞ് മിടുക്കി സങ്കടപ്പെടുന്നു.പുത്തനുടുപ്പും കുടയും ചെരിപ്പും പുസ്തകവും എല്ലാമായി കൂട്ടുകാരോടൊത്ത് ആടിയും പാടിയും ഉത്സവമാക്കേണ്ട ഞങ്ങളുടെ ലോകത്തെയാണ് കോവിഡ് മഹാമാരി തകർത്തത്. ലോക് ഡൗൺ മൂലം കനത്ത നഷ്ടമുണ്ടായത് നിഷ്കളങ്കരായ പിഞ്ചു കുട്ടികൾക്കാണ് എന്നും  ചൂണ്ടിക്കാണിക്കുന്നു. എങ്കിലും നല്ലൊരു നാളേക്കായി നമുക്ക് കാത്തിരിക്കാം എന്ന ആശ്വാസ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. കോളംകുളത്തെ ക്ലാസിക് സ്റ്റുഡിയോ ഉടമ ഹരി ക്ലാസിക് ൻ്റെയും പി ശ്രീദേവിയുടെയും മകളാണ് റിയ ഹരി. ഒന്നാം ക്ലാസിലെ പ്രവേശനോത്സവത്തിന് തന്നെ നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്ത് സംസാരിച്ച് റിയ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കയ്യടി നേടിയിരുന്നു. രണ്ടര വയസ് മുതൽ അച്ചന്റെ സ്റ്റുഡിയോയുടെ സമീപത്തുള്ള അങ്കണവാടിയിൽ പോയിതുടങ്ങിയ ഈ മിടുക്കി പ്രീപ്രൈമറി കാലത്ത് നടന്ന ഓൾ കേരള ടാലന്റ് സർച്ച് പരീക്ഷയിൽ റാങ്ക് നേടിയിരുന്നു.സ്കൂളിൽ എല്ലാ ദിനാചരണങ്ങളിലും ഒരു പ്രസംഗം റിയയുടേതായി ഉണ്ടാകും. ലോക്ഡൺ കാലത്ത് അത് ഓൺലൈനിൽ ആണ് ചെയ്യാറ്.

No comments