Breaking News

മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീ ജീവനോടെ ആശുപത്രിയിൽ; പൊലീസ് തെറ്റായ വിവരം നൽകിയെന്ന് പരാതി


കൊല്ലം: മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയിൽ ജീവനോടെ കണ്ട് ബന്ധുക്കൾ. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. നിലമേൽ സ്വദേശിിനി ലൈലാ ബീവി (62) മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് ലൈലാബീവി ആശുപത്രിയിൽ   സന്തോഷവതിയായി കഞ്ഞി കുടിച്ചിരിക്കുന്നത് കാണുന്നത്. പൊലീസിന് പറ്റിയ പിഴവാണ് ഇല്ലാത്ത മരണ വാർത്ത സംഭവത്തിനു പിന്നിലെന്നാണ് പരാതി. ലൈലാബീവി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പൊലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചതെന്നാണ് ആക്ഷേപം.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച  ലൈലാ ബീവിയെ ജില്ലാ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കോവിഡ് നെഗറ്റീവായെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ ബന്ധുക്കൾ എത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ജില്ലാ ആശുപത്രി അധികൃതർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് അറിയിപ്പ് നൽകി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ബന്ധുക്കളെത്തി ലൈലാബീവിയെ ആശുപത്രിയിൽ നിന്നും കൂട്ടികൊണ്ട് പോകണമെന്ന് അറിയിക്കുന്നതിന് പകരം ലൈലാബീവി മരിച്ചെന്ന വിവരമാണ് ഈസ്റ്റ് പോലീസ് ചടയം മംഗലം പൊലീസിന് കൈമാറിയതെന്നാണ് പരാതി.

ലൈലാ ബീവി മരിച്ചെന്ന വിവരം ചടയമംഗലം പൊലീസാണ് ബന്ധുക്കളെയും വാർഡ് മെമ്പറെയും അറിയിച്ചത്.  നടപടിക്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കത്തും ജമാഅത്തുമായി ബന്ധപ്പെട്ട് സംസ്കാരം നടത്താൻ വേണ്ട ക്രമീകരണങ്ങളും നടത്തിയ ശേഷം വാർഡ് മെമ്പറും ലൈലാബീവിയുടെ ബന്ധുക്കളും ആംബുലൻസുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ലൈലാബീവിയെ ജീവനോടെ കണ്ടത്.

സംഭവം ഏറ്റെടുത്ത കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണയെ വിവരം അറിയിച്ചു. ഗുരുതര പിഴവ് വരുത്തിയ ഈസ്റ്റ് പൊലീസിനെതിരെ നടപടി എടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിട്ടുണ്ട്.

No comments