ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസൻസ് നൽകാൻ പുതിയ പദ്ധതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഇതിനായി സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ട്രെയിനിങ് സെന്‍ററുകളിൽനിന്ന് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ ഇനി മുതൽ ലൈസൻസ് ലഭിക്കാൻ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല.
'അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു'കളില്‍നിന്ന് പരിശീലനം പൂർത്തിയാകുന്നവരെ മാത്രമായിരിക്കും ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുക. ജൂലായ് ഒന്നിന് ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു.
ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് സർക്കാർ പുറത്തിറക്കുന്ന മാർഗനിർദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഡ്രൈവിങ് സിമുലേറ്ററുകള്‍ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഇത്തരം സെന്‍ററുകൾ ഒരുക്കുകയും, പരിശീലനത്തിനെത്തുന്നവരെ, അത്തരം സംവിധാനങ്ങളിലൂടെ ഡ്രൈവിങ് പഠിപ്പിക്കുകയും വേണമെന്ന് നിർദേശമുണ്ട്.
2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പ് അനുസരിച്ചാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതയൊന്നുമില്ല.
ശാസ്ത്രീയമായ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ അഭാവമാണ് രാജ്യത്ത് റോഡപകടങ്ങൾ കൂടാൻ കാരണമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ഇതുകൂടി പരിഗണിച്ചാണ് കൂടുതൽ മെച്ചപ്പെട്ട പരിശീലന സൌകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് ലൈസൻസ് നൽകണമെന്ന തീരുമാത്തിലേക്ക് കേന്ദ്രം എത്തിയത്.
ആർ ടി ഒ മുഖാന്തരമുള്ള ഡ്രൈവിങ് ടെസ്റ്റുകൾ ഒഴിവാകുമെങ്കിലും, കൂടുതൽ കർക്കശമായ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും ഇനിമുതൽ അക്രഡിറ്റഡ് ട്രെയിനിങ് സെന്‍ററുകളിൽനിന്ന് ലൈസൻസ് ലഭിക്കുകയെന്നാണ് സൂചന. ഇതിനായി വിവിധ ഘട്ടങ്ങളിലായുള്ള പരിശീലനമായിരിക്കും അപേക്ഷകർക്കായി നിഷ്കർഷിച്ചിരിക്കുന്നത്. റോഡിലെ വെല്ലുവിളികളെ മറികടക്കാൻ പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും പരിശീലനമെന്നും റിപ്പോർട്ടുകളുണ്ട്.
No comments