Breaking News

ഭൂഗർഭ ജലം വറ്റിയ കാസർകോട്ടും മഞ്ചേശ്വരത്തും കിണറുകളിൽ ജലനിരപ്പ് 9 മീറ്റർ വരെ ഉയർന്നു. ശാസ്ത്രീയജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഫലം കാണുന്നു


ഭൂഗർഭജലനിരപ്പ് അപകടകരമാം വിധം താഴ്ന്ന കാസർകോട് ജില്ലയിൽ രണ്ടുവർഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗർഭ ജലനിരപ്പ് ഉയരുന്നു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ചെറുതടയണകളുടെ നിർമ്മാണം, പള്ളങ്ങൾ വീണ്ടെടുക്കൽ, റെഗുലേറ്റർ ബ്രിഡ്ജുകൾ, തീറ്റപ്പുൽ കൃഷി തുടങ്ങിയ ജലസംരക്ഷണ പദ്ധതികളാണ് ഫലം കണ്ടത്. ജലാധിഷ്ഠിത വികസനാസൂത്രണത്തിന്റെ നവീന മാതൃകയാണിത്. ജില്ലയിലെ ആറ് ബ്ലോക്കുകളിൽ ഭൂഗർഭജല വകുപ്പ് രണ്ടു വർഷമായി നടത്തിയ പഠനത്തിലാണ് ഭൂഗർഭ ജലനിരപ്പ് ഉയർന്നതായി കണ്ടെത്തിയത്.

രണ്ട് വർഷം മുമ്പ് നടത്തിയ പഠനത്തിൽ കാസർകോട് ജില്ലയിൽ ഭൂഗർഭ ജലത്തിന്റെ 79.64 ശതമാനവും ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. കേന്ദ്ര ജല ഏജൻസികൾ അതീവ ഗുരുതരം എന്ന് വിലയിരുത്തിയ കാസർകോട് ബ്ലോക്കിലാകട്ടെ 97.68 ശതമാനമായിരുന്നു ഭൂഗർഭ ജലചൂഷണം. ഇതേതുടർന്ന് ജലസംരക്ഷണത്തിന് പ്രാമുഖ്യം നൽകി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് നേട്ടമായത്.

ജില്ലയിലെ ആറ് ബ്ലോക്കുകളിലെ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 67 കിണറുകൾ നിരീക്ഷിച്ചാണ് ഭൂഗർഭ ജലനിരപ്പിന്റെ റിപ്പോർട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുത്ത് നമ്പറിട്ട കുഴൽക്കിണറുകളും തുറന്ന കിണറുകളുമാണ് നിരീക്ഷണ വിധേയമാക്കിയത്. കാഞ്ഞങ്ങാട് ബ്ലോക്കിൽ ഏഴ് (അഞ്ച് കിണറുകൾ, രണ്ട് കുഴൽക്കണിർ), നീലേശ്വരത്ത് എട്ട് (അഞ്ച് കിണർ, മൂന്ന് കുഴൽക്കിണർ), കാറഡുക്കയിൽ 13 (ഒമ്പത് കിണർ, നാല് കുഴൽക്കിണർ), കാസർകോട് ഒമ്പത് (ഏഴ് കിണർ, രണ്ട് കുഴൽക്കിണർ), മഞ്ചേശ്വരം 14 (എട്ട് കിണർ, ആറ് കുഴൽക്കിണർ), പരപ്പയിൽ 16 (12 കിണർ, നാല് കുഴൽക്കിണറുകൾ) എന്നിവയിലാണ് ഒരോ മാസവും നിരീക്ഷണം നടത്തിയത്. 2019 മെയ് മാസം മുതൽ 2021 മെയ് മാസം വരെ ഭൂഗർഭ ജല വകുപ്പ് നടത്തിയ നിരീക്ഷണത്തിൽ കൂടിയത് ഒമ്പത് മീറ്റർ വരെ ജലനിരപ്പ് ഉയർന്നതായാണ് കണ്ടെത്തൽ.

ജലദൗർലഭ്യമുള്ള മഞ്ചേശ്വരം ബ്ലോക്കിൽ കിണറുകളിൽ പരമാവധി ഒമ്പത് മീറ്റർ വരെയും കുഴൽക്കിണറുകളിൽ പരമാവധി ആറ് മീറ്റർ വരെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാറഡുക്കയിൽ മൂന്ന് മീറ്റർ വരെയും കാഞ്ഞങ്ങാട് അഞ്ച് മീറ്റർ, നീലേശ്വരം 6.5, കാസർകോട് ഏഴ്, പരപ്പ നാല് മീറ്റർ വരെയുമാണ് കിണറുകളിലെ ജലനിരപ്പ് ഉയർന്നത്. കുഴൽക്കിണറുകളിലും ആനുപാതികമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.


ഭൂഗർഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണമാണ് നിരപ്പ് ക്രമാതീതമായി താഴുന്നതിന് കാരണമെന്നായിരുന്നു രണ്ട് വർഷം മുമ്പ് ജില്ലയിലെത്തിയ കേന്ദ്ര ജലശക്തി മിഷൻ പ്രതിനിധികളുടെ നിരീക്ഷണം. സംസ്ഥാനത്ത് താരതമ്യേന കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും ചരിഞ്ഞ ഭൂപ്രകൃതിയായതിനാൽ വെള്ളം പിടിച്ചുനിർത്താനാകുന്നില്ല. ഒപ്പം ചെങ്കൽ പ്രദേശങ്ങൾ കൂടുതലുള്ളതിനാൽ വെള്ളം മണ്ണിലേക്കിറങ്ങുന്നതിനും തടസം നേരിട്ടു. പ്രകൃതി സമ്പത്തിൻമേലുള്ള കടന്നു കയറ്റം പരിസ്ഥിതി സന്തുലനാവസ്ഥയെ താളം തെറ്റിച്ചതും അന്തരീക്ഷ ഊഷ്മാവ് വർധിച്ചതും ജലക്ഷാമത്തിന്റെ പ്രധാന കാരണങ്ങളായി കണ്ടെത്തി. തണ്ണീർത്തടങ്ങൾ നികത്തുന്നതും കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നതും മഴവെള്ള സംഭരണത്തെ തകിടം മറിക്കുന്നുണ്ട്.

ഭൂഗർഭ ജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷൻ തുടങ്ങിയ വിഭാഗങ്ങളുമായി കൂടിയാലോചിച്ചാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പദ്ധതികൾ തയ്യാറാക്കിയത്. നേരത്തെയുണ്ടായിരുന്ന മഴക്കുഴി പദ്ധതികൾ ഊർജിതമാക്കിയായിരുന്നു തുടക്കം. ജില്ലയിൽ 52770 ഏക്കറിലധികം വരുന്ന പ്രദേശങ്ങൾ ചെങ്കൽ മേഖലയാണ്. ഇവിടങ്ങളിൽ വെള്ളം ഭൂമിയിലേക്കിറങ്ങാത്തത് എല്ലാ സമയത്തും ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. ഇതിന് പ്രതിവിധി കാണുന്നതിനൊപ്പം മഴവെള്ള സംഭരണം, തടയണകൾ, കുളങ്ങൾ തിരിച്ചുപിടിക്കൽ, പരമ്പരാഗത ജലാശയങ്ങളുടെ പുനരുദ്ധാരണം, വാട്ടർഷെഡ് പദ്ധതി തുടങ്ങിയവ ആവിഷ്‌കരിച്ചായിരുന്ന ജലസുരക്ഷയിലേക്ക് ജില്ല നീങ്ങിയത്. കിണർ റീചാർജിങ്, മഴക്കൊയ്ത്ത് തുടങ്ങിയവ അനുബന്ധമായി നടത്തി. മണ്ണിന്റെ ജൈവികത വർധിപ്പിക്കാൻ തീറ്റപ്പുൽ കൃഷി, ജനകീയ പങ്കാളിത്തത്തോടെയുള്ള ചെറു തടയണകളുടെ നിർമാണം, പള്ളങ്ങൾ വീണ്ടെടുക്കൽ,  തുടങ്ങി ജലസംരക്ഷണം മുന്നിൽക്കണ്ട് നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. വെള്ളത്തിന്റെ ഒഴുക്കുകൾ നിരീക്ഷിച്ച് റിങ് ചെക്ക് ഡാം തുടങ്ങിയവയും പ്രാവർത്തികമാക്കാൻ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞു.

മുളംതൈ നടീൽ ആയിരുന്നു ഇക്കാലയളവിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന്. ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയുമുൾപ്പെടെ പഠിച്ചു കൊണ്ടായിരുന്നു മുളംതൈകൾ വെച്ചു പിടിപ്പിക്കാനുള്ള തീരുമാനം. ജില്ലയിലാകെ പദ്ധതി വ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമാകാനും ജില്ലക്ക് സാധിച്ചു. കുഴൽക്കണിറുകൾക്ക് നിയന്ത്രണം കൊണ്ടു വന്നതും ജലനിരപ്പ് വർധിക്കുന്നതിന് കാരണമായി.

No comments