Breaking News

15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍, അരലക്ഷം രൂപ; കാഞ്ഞങ്ങാട് ടൗണില്‍ വന്‍ കവര്‍ച്ച



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലെ മൊബൈൽ ഷോപ്പിലും ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ ഷോപ്പിലും കവർച്ച. ടൗണിലെ നയാബസാർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് കമ്യൂണിക്കേഷനിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ഓണക്കാലസീസൺ മുന്നിൽക്കണ്ട് സ്റ്റോക്ക് ചെയ്ത മുഴുവൻ ഫോണുകളും കവർന്നതായി ഉടമ കാഞ്ഞിരപ്പൊയിൽ സ്വദേശി അബ്ദുൾ സത്താർ പറഞ്ഞു.

1200 രൂപ മുതൽ 30,000 രൂപ വരെ വിലമതിക്കുന്ന വിവിധ കമ്പനികളുടെ 50 പുതിയ ഫോണുകളും 30 സെക്കൻഡ് ഹാൻഡ് ഫോണുകളും സർവീസിന് നൽകിയ പത്തിലധികം ഫോണുകളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. വിൽപ്പനയ്ക്കുവെച്ച രണ്ട് സെക്കൻഡ് ഹാൻഡ് ലാപ് ടോപ്പും കവർന്നു. കമ്പിപ്പാരകൊണ്ട് കടമുറിയുടെ ഷട്ടർ ഇളക്കി അകത്തിയാണ് കവർച്ചക്കാർ അകത്തുകടന്നത്. ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ, എസ്.ഐ. കെ.പി.സതീഷ്കുമാർ എന്നിവരും വിരലടയാള വിദഗ്ധരും കടയിലെത്തി പരിശോധന നടത്തി.

സ്ഥലത്തെത്തിയ പോലീസ് നായ കടയുടെ പരിസരപ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷൻ റോഡ് വരെയും പോയി. സമീപത്തെ കടകളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ ഷോപ്പിൽനിന്ന് അരലക്ഷം രൂപയാണ് കവർന്നത്.

ഉച്ചയ്ക്കുശേഷം കിട്ടിയ കളക്ഷനാണ് മോഷണം പോയതെന്ന് സെക്രട്ടറി പി.മുരളീധരൻ ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഷട്ടറും മേശവലിപ്പും കുത്തിത്തുറന്ന നിലയിലാണ്. സമീപത്തെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ മൂന്നുപേർ ഓട്ടോറിക്ഷയിൽ നിന്നിറങ്ങി നീതി മെഡിക്കൽ ഷോപ്പിന്റെ ഭാഗത്തേക്ക് പോകുന്നതായി വ്യക്തമാകുന്നുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു. പോലീസ് അന്വേഷണം തുടങ്ങി.

No comments