Breaking News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ്




തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. രാവിലെ 8.30ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ കിറ്റ് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഇടപ്പഴഞ്ഞി റേഷൻ കടയിലാണ് കിറ്റ് വിതരണ ഉദ്ഘാടനം.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. അടുത്ത മാസം 18 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. 

കുട്ടികൾക്കായി ക്രീം ബിസ്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.


കഴിഞ്ഞ മാസങ്ങളിലേതു പോലെ എഎവൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിഡി, മുന്‍ഗണനേതര നോണ്‍സബ്‌സിഡി ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുക. 16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്‌സും സപ്ലൈകോയ്ക്ക് നല്‍കി.

2021 മെയ് മാസത്തെ കിറ്റ് വിതരണത്തിൽ 85.30 ലക്ഷം കാർഡ് ഉടമകളാണ് കിറ്റ് വാങ്ങിയത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വിപുലമായ രീതിയിൽ ഓണച്ചന്തകൾ ഇത്തവണ ഉണ്ടാകില്ല.

No comments