കർമ്മമണ്ഡലത്തിൽ തിളങ്ങി: ഇനി ജന്മനാട്ടിൽ തഹസിൽദാറായി സേവനം വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പി.വി മുരളിക്കിത് ചരിത്രനിയോഗം
വെള്ളരിക്കുണ്ട്: ഇന്നത്തെപ്പോലെ അത്രയൊന്നും ഭൗതിക സാഹചര്യമൊ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക ഭദ്രതയോ ഇല്ലാതിരുന്ന ഒരു കാലത്ത് കഠിന പ്രയത്നത്തിലൂടെ വിദ്യാഭ്യാസം നേടി സർക്കാർ സർവീസ് എന്ന കൃത്യമായ ലക്ഷ്യത്തിലേക്ക് അടുക്കും ചിട്ടയോടും കൂടി പ്രയത്നിച്ചാണ് പി.വി മുരളി എന്ന ഒരു നാട്ടിൻ പുറത്തുകാരൻ ഇന്ന് തഹസിൽദാർ എന്ന പദവിയിലേക്ക് എത്തിയത്. പണ്ട് വെള്ളരിക്കുണ്ട് സ്ക്കൂളിലേക്ക് വിദ്യാർത്ഥിയായി നടന്നു പോയ വഴികളിലൂടെ ഇനി മുരളി നടക്കുക തഹസിൽദാറായി.. അതൊരു ചരിത്രനിയോഗമാകാം.
1997ൽ കാസർകോട് ലാൻ്റ് അക്വിസിഷൻ ഓഫീസിൽ എൽ.ഡി ക്ലർക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ മുരളി പിന്നീട് 1998ൽ പരപ്പ വില്ലേജ് ഓഫീസിൽ വില്ലേജ് അസിസ്റ്റൻ്റായി നിയമിതനായി. 2006ൽ പരപ്പയിൽ തന്നെ വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് മാലോം, ചിറ്റാരിക്കാൽ, നീലേശ്വരം, വെസ്റ്റ്എളേരി വില്ലേജുകളിൽ വില്ലേജ് ഓഫീസറായി സേവനം. ഔദ്യോഗിക ജീവിതത്തിലെ വിട്ടുവീഴ്ച്ചയില്ലാത്തെ പ്രവർത്തനങ്ങൾക്ക് 2014ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം നേടി. ഇതേ വർഷം തന്നെ ഡെപ്യൂട്ടി തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ സേവനം.
2020 ജൂണിൽ വീണ്ടും തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച് ഔദ്യോഗിക ജീവിതത്തിലെ ഉയർന്ന പദവിയിലേക്ക്.. കാഞ്ഞങ്ങാട് ആർ.ഡി ഓഫീസിൽ ഒരു വർഷത്തെ സേവനത്തിന് ശേഷം തിരിച്ച് 2021 ജൂലൈയിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ തഹസിൽദാറായി നിയമനം. സർവ്വീസ് രംഗത്ത് ആത്മാർത്ഥവും സത്യസന്ധവും അർപ്പണ മനോഭാവത്തോടെയുമുള്ള പ്രവർത്തനമാണ് പി.വി മുരളി എന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് എത്തിച്ചത്.
ഇനിയും ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചകൾ ഇദ്ദേഹത്തെ തേടി വരും എന്നതിൽ സംശയമില്ല.
- ചന്ദ്രു വെള്ളരിക്കുണ്ട്
No comments