Breaking News

സിക വൈറസ് കേരളത്തിൽ: ഗർഭിണികൾ പേടിക്കണം; വൈറസ് പടരുന്നതെങ്ങനെ, എങ്ങനെ പ്രതിരോധിക്കാം



കേരളത്തിൽ ആദ്യമായി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനതപുരത്ത് പാറശാലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയിലാണ് രോഗം സ്ഥിരീകരിച്ചത്. 24 വയസുള്ള ഗർഭിണിയായ യുവതി ജൂൺ 28നാണ് പനി, തലവേദന, ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയിൽ വൈറസ് ബാധ കണ്ടത്തിയത്.




കുരങ്ങുകളിൽ കണ്ടു വരുന്ന സിക വൈറസ് കൊതുകളിലൂടെയാണ് മനുഷ്യനിലേക്ക് പടരുന്നത്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. ഇവയുടെ സാന്ദ്രത കേരളത്തിൽ കൂടുതലായതിനാൽ കേരളത്തിൽ സിക രോഗബാധ സ്ഥിരീകരിച്ചത് അപ്രതീക്ഷിതമല്ല. ഗുരുതരമായ രോഗമല്ലെങ്കിലും സിക ഗർഭിണികളെയാണ് സാരമായി ബാധിക്കുന്നത്. ഗർഭിണികൾക്ക് ഈ രോഗം ബാധിച്ചയാൾ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വരൾച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന ജന്മവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനു പുറമെ ഗർഭകാലത്തുള്ള സങ്കീർണതകൾക്കും ഗർഭഛിദ്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധ നാഡീസംബന്ധമായ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.

പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

നിലവില്‍ സിക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം

എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.


No comments