Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് "ഉറങ്ങുന്ന നന്തിയെ കാണാൻ- ചിക്കബെല്ല പുരയിലേക്ക് "


ബെംഗളുരുവിൽ സന്ദർശനത്തിനെത്തുന്ന, ഏതൊരാളും ആദ്യം തിരഞ്ഞെടുക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്  നന്തിദുർഗ്‌ അഥവാ നന്തീഹിൽസ്.

കർണാടകയിലെ ചിക്കബെല്ലപുര ജില്ലയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ബംഗളൂരുവിൽ നിന്നും ഏകദേശം അറുപത് കിലോമീറ്റർ ദൂരം ഇങ്ങോട്ടേയ്ക്കുണ്ട് ഉദയസൂര്യന്റെ മാസ്മരികഭംഗി ആസ്വദിക്കുവാനും, മലമുകളിലേക്ക് ട്രക്കിംഗ് നടത്തുവാനും ഇഷ്ടപ്പെടുന്നവരാണ് ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും. പ്രകൃതിയിലെ ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ്, കോടമഞ്ഞിന്റെ മുഖപടമണിഞ്ഞ്, എപ്പോഴും കുളിർമ്മ നിറഞ്ഞ് നിൽക്കുന്ന ഈ പ്രദേശം.


പണ്ട് ഇവിടം ഭരിച്ചിരുന്ന ഗംഗാ രാജവംശത്തിന്റെ കാലത്തും, പിന്നീട് ടിപ്പുസുൽത്താന്റെ കാലത്തും, തന്ത്രപ്രധാനമായ ചിലപ്രതിരോധ കേന്ദ്രങ്ങളായിരുന്നു-നന്തീദുർഗ്ഗ്. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും, ഒറ്റക്കല്ലിൽ തീർത്ത, ഭീമാകാരങ്ങളായ നന്തീരൂപങ്ങൾ നമുക്ക് കാണാൻ കഴിയും. എന്നാൽ പേരിൽ തന്നെ "നന്തിയുള്ള' ഇവിടെ അത്തരത്തിലുള്ള വലിയശിൽപ്പങ്ങളൊന്നുമില്ല. ആ മലയുടെ രൂപം തന്നെ 'ഉറങ്ങുന്ന കാള,യുടെ രൂപത്തിലുള്ളതായതിനാലാവാം, ആ പേര് വന്നത്.ഇതിന് സമീപത്തുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെട്ടുമാവാം, നന്തീഹിൽസ് എന്ന പേരുണ്ടായത്.




ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ രാജവംശങ്ങളുടെയും അധീനതയിൽ  ഉണ്ടായിരുന്ന ഈ 
പ്രദേശം, ചോള രാജാക്കന്മാരുടെ കാലത്ത്, ആനന്ദഗിരി എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ
സുഖകരമായ കാലാവസ്ഥ കണക്കിലെടുത്താവാം, ബ്രിട്ടീഷ് കാരുടെയും, ടിപ്പുവിന്റെയും കാലത്ത് ഇതൊരു രാജകീയ സുഖവാസകേന്ദ്രം കൂടിയായിരുന്നു.

മാർക്ക് കബ്ബൻ പ്രഭുവിനു വേണ്ടി, ഫ്രാൻസിസ് കണ്ണിംഗ്ഹാം പണികഴിപ്പിച്ച ഒരു വേനൽക്കാല
സുഖവാസമന്ദിരം നന്തിഹിൽസിൽ ഇപ്പോഴുമുണ്ട്. അതിരാവിലെ ഇങ്ങോട്ടേക്കെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്: കോടമഞ്ഞ് മൂടുപടമണിഞ്ഞ കാനനഭംഗിയും വ്യത്യസ്ത ഭാഷകളിൽ, നമ്മെ
സ്വാഗതം ചെയ്യുന്ന കിളികളുടെ കളകളാരവവും, ഇടയ്ക്കിടെ പരിഭ്രമത്തോടെ ഓടി മറയുന്ന
കൊച്ചുജീവികളും ആയിരിക്കും.

പ്രധാനഗേറ്റിൽ നിന്ന് അനുവാദം വാങ്ങിയശേഷം പടികൾ കയറിയാൽ നാം ആദ്യമെത്തുന്നത്,
ഒരു പഴയകാല ക്ഷേത്രത്തിന്റെയോ, കോട്ടയുടെയോ ഒക്കെ അവശിഷ്ടങ്ങൾ നിറഞ്ഞ ഒരിടത്തേക്കാണ്.




ഏറെക്കുറെ വിജനമായും, ഭാഗികമായി തകർന്നനിലയിലുള്ളതുമായ പല നിർമ്മിതികളും ഇവിടെ കാണാം. ഒരു നർത്തകിയുടെ അംഗചലനങ്ങളെ അനുസ്മരിപ്പിക്കും വിധം നഭസ്സിൽ ഉദിച്ചുയരുന്ന പ്രഭാത ദേവതയുടെ അഭൗമ സൗന്ദര്യവും, ഏഴ് കുതിരകളെ പൂട്ടിയ തേരിലേറി സഞ്ചരിക്കുന്ന
സൂര്യദേവന്റെ പൊൻകിരണങ്ങളെയും കാണുവാനുള്ള തിരക്കിലാവാം, എല്ലാവരും ധൃതിയിൽ മലമുകളിലേക്ക് കയറിപ്പോവുകയാണ് പതിവ്.


സുഹൃത്തായ സത്രാജിത്തിന്റെ വിവരണങ്ങളിലൂടെ കേട്ടറിഞ്ഞ,നന്തീ ഹിൽസിലേക്കും, തൊട്ടടുത്തുള്ള പൗരാണിക ക്ഷേത്രസമുച്ചയമായ യോഗനന്തീശ്വര ക്ഷേത്രത്തിലേക്കുമുള്ള എന്റെ മുൻയാത്രകൾ ഒറ്റയ്ക്കായിരുന്നുവെങ്കിലും, ഇത്തവണത്തെ യാത്ര: വെള്ളരിക്കുണ്ട് മൈത്രി സ്വയം സഹായ സംഘത്തിലെ സുഹൃത്തുക്കളോടൊപ്പമാണ്.

ബാബുവേട്ടന്റെയും റോയിയുടെയും നേതൃത്വത്തിലുള്ള പന്ത്രണ്ട് അംഗ സംഘം, നിശ്ചയിച്ച ദിവസം ബംഗളൂരുവിൽ എത്തുകയും, അവിടെ നിന്ന് ഞാൻ അവരോടൊപ്പം ചേരുകയുമാണുണ്ടായത്. യാത്രകളെ   "കേട്ടറിയാൻ' വളരെയധികം ഇഷ്ടപ്പെടുന്ന സിജോയും, ജനീഷ്, മനോജ്, വിഷ്ണു, ഷൈനോജ് എന്നിവരുമെല്ലാം ചേർന്ന്, ഈ യാത്രയെ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റി. അതിരാവിലെ തന്നെ ഞങ്ങളുടെ വാഹനം, നന്തി ഹിൽസ്റ്റേഷനിൽ എത്തുകയും, പ്രധാന ഗേറ്റിൽ നിന്ന് അനുവാദവും വാങ്ങി ഞങ്ങൾ മലമുകളിലേക്ക് നടക്കാനാരംഭിക്കുകയും ചെയ്തു. വളഞ്ഞും, തിരിഞ്ഞും,മല മുകളിലേക്ക്, നീങ്ങുന്ന ആ പാതയിലൂടെ ദീർഘദൂരം നടന്നാൽ മാത്രമെ മുകളിലെത്താൻ കഴിയൂ. പൊതുവെ തടിയനങ്ങി നടക്കാൻ അൽപ്പം മടിയുള്ള ഞങ്ങളുടെ ഒരു സുഹൃത്ത്, ഇടയ്ക്കിടെ പിറുപിറുത്തുകൊണ്ടാണെങ്കിലും, ആദ്യം തന്നെ ലക്ഷ്യസ്ഥാനത്തെത്തി. അവിടെ നിന്നും ഞങ്ങൾ പലവഴിക്ക് തിരിഞ്ഞ് കാഴ്ചകൾ കണ്ട് നടന്നെങ്കിലും, ഒടുവിൽ 'സൂര്യോദയം കാണുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇവിടെ എത്തിയിട്ടുള്ള അനേകം പേരോടൊപ്പം, ഞങ്ങളും ചക്രവാളത്തിലേക്ക് കണ്ണും നട്ടിരുപ്പായി... എന്നാൽ പ്രഭാത ഭക്ഷണം കഴിക്കാത്തതിനാലാവാം കണ്ണിലിരുട്ട് കയറി തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഒരു കാര്യം മനസിലാക്കിയത്. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു.ഉദയഭംഗി ആസ്വദിക്കുക എന്നത് ഇവിടെയെത്തുന്ന എല്ലാവർക്കും കിട്ടുന്ന ഒരു സൗഭാഗ്യമല്ലെന്ന് ഞങ്ങൾക്ക് പിന്നീട് മനസ്സിലായി. എങ്ങും നിറഞ്ഞ് നിന്ന കോടമഞ്ഞും, മേഘങ്ങളും ചേർന്ന്, ഉദയ സൂര്യന്റെ പൊൻകിരണങ്ങളെ ഭൂമിയിൽ പതിക്കുന്നതിനെ വിലക്കിയിരുന്നു. കുറച്ച് നിരാശയോടെയെങ്കിലും, മറ്റ് സഞ്ചാരികളോടൊപ്പം ഞങ്ങളും മലയടിവാരത്തേക്ക് യാത്ര തിരിച്ചു.





പ്രതീക്ഷിച്ചത്ര കാഴ്ചകൾ ഇല്ലാതിരുന്നതുകൊണ്ടും, നടന്നക്ഷീണം കൊണ്ടുമാവാം, സംഘാംഗങ്ങളിൽ ഒരു ഉണർവ്വ് കണ്ടില്ല.എന്നാൽ വാഹനം പാർക്ക് ചെയ്ത സ്ഥലത്തെത്തുകയും, പ്രഭാത ഭക്ഷണം ഇവിടെ നിന്ന് കഴിക്കാം, എന്ന് ബാബുവേട്ടൻ പറയുകയും ചെയ്തതോടെ, എല്ലാവരും ഉത്സാഹഭരിതരായി മാറി. പൊതുവെ നമുക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണവിഭവ ങ്ങളൊന്നുമായിരുന്നില്ല മെനുവിലെങ്കിലും ഉള്ളത് കൊണ്ട് എല്ലാവരും അഡ്ജസ്റ്റ് ചെയ്തു. പ്രഭാത ഭക്ഷണശേഷം ഞങ്ങൾ പോവുന്നത്, നന്തീ ഹിൽസിന് സമീപത്തുള്ളതും, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള നിർമ്മിതികളിൽ ഒന്നുമായ, യോഗ നന്തീശ്വര ക്ഷേത്രസമുച്ചയം കാണാനാണ്.



ഭോഗനന്തീശ്വര ക്ഷേത്രം എന്നും ഇതിന് പേരുണ്ട്. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ പഠനപ്രകാരം, ഇതിന്റെ നിർമ്മാണമാരംഭിച്ചത് ഒമ്പതാം നൂറ്റാണ്ടിലാണ്. നൊലാംബരാജ വംശത്തിലെ നൊലമ്പാടി രാജയുടെയും, രാഷ്ട്രകൂട രാജാവായിരുന്ന ഗോവിന്ദ മൂന്നാമന്റെയും ( 806CE) കാലത്തുള്ള ചില താമ്രശാസനങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ദക്ഷിണേന്ത്യയിലെ പ്രബല രാജവംശങ്ങളായിരുന്ന, ഗംഗസാമ്രാജ്യം, ചോള- ഹൊയ്സാല-വിജയനഗര സാമ്രാജ്യങ്ങളും ഇവിടെ അധീശത്വം സ്ഥാപിച്ചിരുന്നു. ടിപ്പുസുൽത്താന്റെ
മരണത്തോടെ 1799 ൽ ഈ പ്രദേശം ബ്രിട്ടീഷ് കാരുടെ കൈവശമെത്തുകയും ചെയ്തു. സഞ്ചാരികളുടെ തിരക്ക് ഇല്ലാത്തത് കൊണ്ട് ഇവിടുത്തെ കാഴ്ചകൾ നന്നായി ആസ്വദിക്കുവാൻ കഴിഞ്ഞു.ക്ഷേത്രജീവനക്കാരനായ ഉമേശ് കാര്യങ്ങൾ കുറെയൊക്കെ വിശദീകരിച്ചു തന്നു.

ഇവിടെ പ്രധാനമായും മൂന്ന് ക്ഷേത്രങ്ങളുണ്ട്. ഇതിൽ തെക്ക് ഭാഗത്തുള്ള അരുണാചലേശ്വര ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്, തലക്കാട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഗംഗരാജ വംശത്തിന്റെ കാലത്തും, ഭോഗ നന്തീശ്വരക്ഷേത്രം നിർമ്മിച്ചത്, ചോള രാജാക്കന്മാരുടെ കാലത്തുമാണ്.





രാജേന്ദ്രചോളന്റേതെന്ന് കരുതപ്പെടുന്ന ഒരു ശിൽപ്പം, ക്ഷേത്രത്തിനുള്ളിലെ നമസ്കാര മണ്ഡപത്തിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്.

ശിൽപ്പവിദ്യകളാൽ അലംകൃതമായ തൂണുകളോട് കൂടിയ, ഉമാമഹേശ്വര ക്ഷേത്രവും ഇവിടെയുണ്ട്. ഇതിലൊരു തൂണിൽ നൂറ് കണക്കിന് കിളികളുടെ രൂപം അതിഭംഗിയായി  ചിത്രീകരിച്ചിട്ടുണ്ട്.

ഗർഭഗൃഹത്തിന്റെ പുറംചുമരുകളിൽ ശിവപാർവ്വതി വിവാഹവേളയും, ഹിമവാൻ, സപ്തർഷികൾ, ത്രിമൂർത്തികൾ, പഞ്ചകന്യകമാർ എന്നിവരെയും ചിത്രീകരിച്ചിട്ടുണ്ട്.




നമ്മൾ മുൻപ് കണ്ടിട്ടുള്ള, അതിബൃഹത്തായ നിർമ്മിതികളിൽ നിന്നും വ്യത്യസ്തമാണെങ്കിലും, അതിസങ്കീർണ്ണമായ,അല്ലെങ്കിൽ ശിൽപ്പനിർമ്മാണ വൈദഗ്ധ്യത്തിന്റെ അവസാനവാക്ക്
എന്ന് തന്നെ പറയാവുന്ന, അനേകം കൊത്തുപണികൾ ഇവിടുത്തെ ഓരോ ഇഞ്ച് സ്ഥലത്തും നമുക്ക് കാണാൻ സാധിക്കും. ചിത്രപ്പണികളോട് കൂടിയ ഒരു "കരിങ്കൽകുട"ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ്.


ഇവിടുത്തെ തൂണുകളിൽ തമിൾ ഭാഷയിലുള്ള ധാരാളം ലിഖിതങ്ങളുണ്ട്. ഇതിനോട് ചേർന്ന് തന്നെ ഒരു വലിയ നന്തീരൂപവും, സമീപത്തായി രണ്ട് ചെറിയ നന്തി രൂപങ്ങളും കാണാവുന്നതാണ്.


ക്ഷേത്രത്തിനുള്ളിൽ നിന്നും പുറത്തിറങ്ങി, അനേകം ശിലാ നിർമ്മിത തൂണുകളോട് കൂടിയ മണ്ഡപവും കണ്ടശേഷം, ഞങ്ങൾ ചുറ്റും കരിങ്കൽ പടവുകളോട് കൂടിയ കല്യാണിതീർത്ഥമെന്ന കുളത്തിന് സമീപം എത്തി.



അവിടെയും ധാരാളം മന്ദിരങ്ങളും, ഹാളുകളും ഉണ്ട്. എന്നാൽ മുൻപ് കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇവയെല്ലാം ഇഷ്ടികയും കൂട്ടുമുപയോഗിച്ച് പണിതവയോ, അല്ലെങ്കിൽ പിന്നീട് നവീകരിച്ചവയോ ആണെന്ന് എനിക്ക് തോന്നി.



ശൃംഗേരി തീർത്ഥമെന്നും, പിനാകിനി നദിയുടെ ഉത്ഭവസ്ഥാനമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന, ആ കുളത്തിന് സമീപമുള്ള മണ്ഡപത്തിൽ എല്ലാവരും അൽപ്പനേരം വിശ്രമിച്ചു. ഒരു ഗോളത്തെ വിഴുങ്ങാനായുന്ന സർപ്പരൂപവും, തുലാഭാര മണ്ഡപവും യാഗശാല, വസന്ത മണ്ഡപം എന്നിവയും ഇവിടുത്തെ എടുത്തുപറയേണ്ടുന്ന കാഴ്ചകളാണ്.




പ്രധാന കവാടത്തിൽ കാണുന്ന തൂണുകളിൽ സാലഭഞ്ജികമാരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.

ഇവിടെ നിന്നും പുറത്തേക്ക് നടന്നാൽ ചുറ്റും മതിലുകളും, ചുറ്റോടു ചുറ്റും നിരവധി തൂണുകളോട് കൂടിയ മണ്ഡപങ്ങളും കാണാം. ശിലാ നിർമ്മിതമായ അനേകം വലിയ ചക്രങ്ങളും, മരത്തിൽ നിർമ്മിച്ച ഒരു വലിയ തേരും ഇവിടെ കണ്ടു.



യോഗനന്തീശ്വര, നന്തിഹിൽസ് എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട ശേഷം, ഞങ്ങൾപോവുന്നത്, ബംഗളൂർ നഗരം ചുറ്റിക്കാണാനാണ്. കബ്ബൻസ് പാർക്കും,വിഘ്നേശ്വരയ്യ മ്യൂസിയവും ഒന്നും എന്റെ സുഹൃത്തുക്കളിൽ വലിയമതിപ്പ് ഉണ്ടാക്കിയതായി എനിക്ക് തോന്നിയില്ല. ഉച്ചഭക്ഷണം ശരിയാകാത്തതും, കൂടുതൽ ദൂരം നടക്കേണ്ടി വന്നതുമൊക്കെ ക്ഷീണകാരണമായിരുന്നിരിക്കാം. രാമമൂർത്തി നഗറിലെ 'അച്ചായൻസ്' ഹോട്ടലിൽനിന്ന്, രാവിലെ കഴിച്ച നമ്മുടെ രീതിയിലുള്ള ബിരിയാണിയും, ബന്നാർഘട്ടെ പാർക്ക് കണ്ട് മടങ്ങും വഴി കയറിയ ഊട്ടുപുരയിലെ ഉച്ചഭക്ഷണവും തലേ ദിവസത്തെ യാത്രയ്ക്കിടയിലെ മധുരസ്മരണകൾ മാത്രമായി അവശേഷിച്ചു... കെ.ആർ മാർക്കറ്റ് കാണുവാനും, ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്തുവാനും ഉള്ള ആഗ്രഹം കനത്ത മഴമൂലം ഒഴിവാക്കേണ്ടി വന്നു. ഇവിടെ നിന്നും എന്നോട് യാത്ര പറഞ്ഞ് സംഘാംഗങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ യാത്രയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ- അകാലത്തിലുള്ള വേർപാട്, ഒരു വേദനയായി ഇന്നും മനസിൽ അവശേഷിക്കുന്നു.

ബംഗളൂരുനിന്നും ഇവിടേക്ക് വരാനാഗ്രഹിക്കുന്നവർ, BMTC സ്റ്റാന്റിൽ, പ്ലാറ്റ്ഫോം നമ്പർ 24 ൽ എത്തിയ ശേഷം,298Mബസ്സിൽ കയറി ദേവനഹള്ളി എന്ന സ്ഥലത്ത് ഇറങ്ങുക. അവിടെ നിന്നും 
'കാരെഹള്ളി ക്രോസ്, പോകുന്ന ബസ്കിട്ടും. ഏകദേശം 32 കി.മി ദൂരമാണ് ദേവനഹള്ളിയിൽ നിന്നും ഇങ്ങോട്ടേക്കുള്ളത്.കാരെഹള്ളിയിൽ നിന്ന് ഇടത്തോട്ട് പോയാൽ  നന്തീദുർഗിലേക്കും വലത്തോട്ട് തിരിഞ്ഞാൽ, യോഗനന്തീശ്വരയിലും എത്താം..

എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)


കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ 


" ബാദാമി ഐഹോളെ, പട്ടടയ്ക്കൽ എന്നിവിടങ്ങളിലേയ്ക്ക് ''

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/08/BADAMI-PATTADAYKKAL-TO.html



"" ബുദ്ധിമാനായ വിഡ്ഢിയും, ദരിദ്രന്റെ താജ് മഹലും - ഔറംഗബാദ് യാത്ര''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/08/Aurangabad-tourisam.html


"ശപിക്കപ്പെട്ട നഗരം തേടിയുള്ള യാത്ര"

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/Thallakad-somanathapura-.html


"ശിലയിൽ തീർത്ത മഹാകാവ്യം"- അജന്ത- എല്ലോറ

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/ajantha-ellora-caves-t.html


"മിനാരങ്ങളുടെ നാട്ടിലേക്ക്.." ഹൈദ്രാബാദ് യാത്ര

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/santhosh-natyanjali-hydrabad.html


'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/hampi-tourisam.html


''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/blog-post_18.html


'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/travel-santhosh.html








No comments