Breaking News

കോർപ്പറേറ്റ് രാജിനെതിരെ വെള്ളരിക്കുണ്ടിൽ 'വിത്ത്കുട്ട' പരിപാടിക്ക് തുടക്കം വ്യാപാരി വ്യവസായി ഏകോപന സമിതിയും, കർഷക ഐക്യവേദിയും നേതൃത്വം നൽകി


വെളളരിക്കുണ്ട്: കോർപ്പറേറ്റുകൾ കൃഷിയും വ്യാപാരവും കയ്യടക്കുന്നതിനെതിരെ ദേശീയ തലത്തിൽ നടന്നുവരുന്ന കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടും വിത്തിൻ്റെയും അതുവഴി കൃഷിയുടെയും മേലുള്ള കർഷകരുടെ അധികാരം വിളംബരം ചെയ്തുകൊണ്ടും വിത്തുക്കുട്ട എന്ന പരിപാടിയ്ക്കു വെളളരിക്കുണ്ടിൽ തുടക്കമായി. പ്രാദേശികമായി കർഷകർ തങ്ങളുടെ പക്കലുള്ള പച്ചക്കറി ,ഇലക്കറി, പഴവർഗ്ഗ, ഔഷധസസ്യ വിളകളുടെ വിത്തുകളും നടീൽ വസ്തുക്കളും നിശ്ചിത ദിവസം നിശ്ചിത സ്ഥലത്ത് പരസ്പരം കൈമാറ്റം നടത്തുന്ന പരിപാടിയാണ് വിത്തുക്കുട്ട. വെളളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, കർഷക ഐക്യവേദിയുടെയും നേതൃത്വത്തിലാണ് വിത്തു കുട്ടപരിപാടി സംഘടിപ്പിക്കുന്നത്‌. മുൻകൂട്ടി പരസ്യം ചെയ്ത് മാസത്തിൽ ഒരു തവണ എന്ന നിലയിൽ വെള്ളരിക്കുണ്ടിൽ വിത്തു കുട്ട തുടരുന്നതാണ്. കഴിഞ്ഞ ഒരു വർഷമായി കോട്ടയം ജില്ലയിലെ 12 കേന്ദ്രങ്ങളിൽ പൂഞ്ഞാർ ഭൂമിക കർഷക കൂട്ടായ്മയുടെയും ഗാന്ധിയൻ കളക്ടീവിൻ്റെയും ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ വിധത്തിൽ നടന്നുവരുന്ന വിത്തുകുട്ട, ക്വിറ്റിന്ത്യാ ദിനം മുതൽ മറ്റ് ജില്ലകളിലേക്കും പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് വെള്ളരിക്കുണ്ടിലും ഈ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. കാര്യമായ പ്രചരണമില്ലാതിരുന്നിട്ടും വിവിധ ഇനം നടീൽ വസ്തുക്കളുമായി എതാനും കർഷകർ ആദ്യവിത്തുകൂട്ടക്ക് എത്തി. ചായമൻസ ചീരയും മങ്കൊസ്റ്റിൻ തൈകളും ,മാങ്ങാ ഇഞ്ചിയും തുടങ്ങിവിവിധ ഇനം പച്ചക്കറിവിത്തുകളും മുളക് ഇനങ്ങളും അല്പസമയത്തിനുളളിൽ കൈമാറ്റം ചെയ്യപ്പെട്ടു. പരിപാടിയുടെ ഔപചാരിക ഉൽഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പഞ്ചായത്തംഗവും മികച്ച കർഷകനുമായ അബ്ദുൾ ഖാദർ പൊതുപ്രവർത്തനും കർഷകനുമായ ഹരീഷ് പി.നായർക്ക് മങ്കൊസ്റ്റിൻ തൈ നൽകി കൊണ്ടു് നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടി സ്വാഗതവും സണ്ണി പൈകട നന്ദിയും പറഞ്ഞു. തോമസ് ചെറിയാൻ, ബേബി ചെമ്പരത്തി, ജിനോ ജോസഫ്, ഫ്രാൻസിസ് ഇളംബ്ളാശ്ശേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments