Breaking News

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചു ദിവസം അവധി; ബാങ്കുകളും ട്രഷറികളും ഇന്ന് പ്രവര്‍ത്തിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചുദിവസം അവധി. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാമണ് അവധി. ഓണം, മുഹറം, ശ്രീനാരയണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് അവധി. അതേസമയം മുഹറം ദനമായ ഇന്ന് ബാങ്കുകളും ട്രഷറികളും തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധിയായിരിക്കും.

ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21നും ശ്രീനാരയണ ഗുരുജയന്തി ദിനമായ 23നും തുറക്കില്ല. എന്നാല്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

കഴിഞ്ഞവര്‍ഷം തിരുവോണദിനത്തില്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം ഓണാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കോവിഡ് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ നിര്‍ദ്ദേശം നല്കി.

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 45 മൊബൈല്‍ പട്രോള്‍, 19 ബൈക്ക് പട്രോള്‍, 46 ഫൂട്ട് പട്രോള്‍ ടീം, 61 പിക്കറ്റ് പോസ്റ്റുകള്‍ എന്നിവ ഒരുക്കും. പൊതുജനങ്ങള്‍ കൂട്ടമായി എത്തിച്ചേരാന്‍ സാധ്യതയുള്ള വിനോദ കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യക ശ്രദ്ധ ഉണ്ടാകും. സിറ്റി പോലീസ് പരിധിയില്‍ 52 സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഈ ഓണക്കാലത്തു ലഭ്യമാക്കും. പോലീസിനൊപ്പം ഡ്യൂട്ടി ചെയ്യാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായുള്ള പൊതു അവധി കാരണം അടച്ചിടുന്ന സര്‍ക്കാര്‍ ഓഫീസ്സുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിനായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും 6 മൊബൈല്‍ പട്രോളിങ്ങും, 20 ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തും.

ജില്ലയിലെ 620 പോലീസ് സേനാംഗങ്ങളെ ഓണക്കാലത്തെ വിവിധ ഡ്യൂട്ടികള്‍ക്കായി നിയോഗിക്കും. ഓണത്തിന് മുന്നോടിയായുള്ള പൊതു ഇടങ്ങളിലെ തിരക്ക് കര്‍ശനമായി നിയന്ത്രിക്കും. ഇതിനായി ഫൂട്ട് പട്രോളിങ് ശക്തമായി നടപ്പാക്കും. കോവിഡ് രോഗ നിര്‍ണയ നിരക്ക് കൂടിയ പ്രദേശങ്ങള്‍, കന്റൈന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ആഘോഷങ്ങള്‍ പരമാവധി വീടുകളിലേക്ക് ഒതുക്കുക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ സന്നിടൈസര്‍ നിര്‍ബന്ധമാണ്.മാസ്‌ക്ക് കൃത്യമായി ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്. കൊച്ചു കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ പൊതുസ്ഥലങ്ങളില്‍ ഒഴിവാക്കണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ്സ് റജിസ്റ്റര്‍ ചെയ്യുകയും വ്യാപാരസ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.

No comments