Breaking News

വ്യാപകമായ വ്യാജമദ്യ വിതരണത്തിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ അട്ടക്കണ്ടം യൂണിറ്റ്


ഇടത്തോട്: അട്ടക്കണ്ടം, കോളിയാർ, ക്ലീനിപ്പാറ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന കർണാടക നിർമിത വിദേശ മദ്യ, വ്യാജ മദ്യ വിൽപ്പന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ അട്ടക്കണ്ടം യൂണിറ്റ് സമരരംഗത്തേക്ക്.


ഓട്ടോറിക്ഷകളിൽ വ്യാജമദ്യം യഥേഷ്ടം ആവശ്യക്കാർക്ക് ഒരു ഫോൺകോളിൽ എത്തിക്കുന്ന അവസ്ഥയാണ് കോളനികളിലും നാൽകവലകളിലും. മദ്യപാന്മരെക്കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. മദ്യവില്പന ചോദ്യം ചെയ്താൽ വില്പനക്കാർ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്ന സ്ഥിതി വരെയുണ്ടാകുന്നു . മദ്യത്തിനടിമയായി  പലകുടുംബങ്ങളിലും പ്രശ്നങ്ങളാണ്.

 കണ്ടൈൻമെന്റ് സോൺ ആയ കോടോം ബേളൂർ ഒൻപതാം വാർഡിൽപ്പെടുന്ന പ്രദേശങ്ങളിൽ പരസ്യമദ്യപാനമാണ് ചില കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നത്. വർഷങ്ങൾക്കു മുൻപ് വ്യാജ മദ്യകേന്ദ്രമായിരുന്ന പ്രദേശത്ത്  ഡി വൈ എഫ് ഐ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൂർണമായും വ്യാജമദ്യമുക്തമാക്കാൻ കഴിഞ്ഞിരുന്നു.

നിലവിൽ കോവിഡ് മറയാക്കിയാണ് ഒരു സംഘം നാടിന് ഭീഷണിയായി വരുന്നത്. വാർഡിലെ നോഡൽ ഓഫീസർമ്മാർ ,സെക്ടരൽ മജിസ്‌ട്രേറ്റ്, പോലീസ്, എക്‌സൈസ് അധികാരികൾ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്തി ശക്തമായി ഇടപെടാനാണ് ഡി വൈ എഫ് ഐ തീരുമാനിച്ചിട്ടുള്ളത്.


അട്ടക്കണ്ടത്ത് വെച്ച് നടന്ന പ്രതിഷേധപരിപാടി സി പി ഐ (എം )കാലിച്ചാനടുക്കം  ലോക്കൽ സെക്രട്ടറി ടി. വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യുണിറ്റ് പ്രസിഡന്റും മേഖലകമ്മിറ്റി അംഗവുമായ അഭിനവ് വി വി അധ്യക്ഷനായി.

 ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക്‌ കമ്മിറ്റി അംഗവും കോടോംബേളൂർ പഞ്ചായത്ത്‌ അംഗവുമായ എം വി ജഗന്നാഥ്‌, കാലിച്ചാനടുക്കം  മേഖലാസെക്രട്ടറി വി സജിത്ത്, പ്രസിഡന്റ്‌ ഷൈജൻ കടവിൽ മുൻ ബ്ലോക്ക്‌ സെക്രട്ടറി മധു കോളിയാർ,സി വി സേതുനാഥ്, എം വി തമ്പാൻ, വി ഭാസ്കരൻ,  രാജൻ വി  തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി രാഹുൽ പി വി സ്വാഗതവും ജോയിന്റ് സെക്രട്ടറി സൂരജ് എം നന്ദിയും പറഞ്ഞു.


അഭിമാനത്തോടെ ഞങ്ങൾ പറയും മദ്യം വാങ്ങില്ല, വിൽക്കില്ല, കുടിക്കില്ല...

എന്ന സന്ദേശം ഉയർത്തിപിടിക്കുന്ന 

 10 ബോർഡ്‌ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. വ്യാജമദ്യ വില്പനക്കാർക്ക് ആദ്യഘട്ടം എന്നനിലയിൽ താക്കീതുനൽകുകയും  ചെയ്തു.

No comments