Breaking News

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി


ന്യൂഡൽഹി; എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ടോക്യോ ഒളിംപിക്സിലെ മെഡൽ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏറെ "ഗൗരവമേറിയ" ഈ അവസരത്തിൽ ഇന്ത്യയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ അനുസ്മരിക്കുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

ഇത്തവണത്തേത് അദ്ദേഹത്തിന്റെ തുടർച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. 2014 ൽ പ്രധാനമന്ത്രി തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും തന്റെ സർക്കാരിന്റെ നയങ്ങളും കാഴ്ചപ്പാടും വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷം, എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി സമാനമായ രീതി പിന്തുടർന്നു, കഴിഞ്ഞ വർഷം രാജ്യത്തിന്റെ പുരോഗതി റിപ്പോർട്ടുകളും അടുത്ത വർഷത്തേക്കുള്ള മുന്നോട്ടുള്ള വഴികളും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മോദി രാജ്യത്തിന് വേണ്ടി ചില സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച സന്ദർഭം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിന പ്രസംഗങ്ങളും


ടോക്കിയോയിൽ അടുത്തിടെ സമാപിച്ച ഒളിംപിക്സിൽ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടോക്കിയോ ഗെയിംസിൽ ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകൾ ഇന്ത്യൻ അത്‌ലറ്റുകൾ നേടിയിരുന്നു.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാസംസ നേർന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. 'ലോകത്തിന് പ്രചോദനമാകുന്ന ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണം'- ജോ ബൈഡൻ ട്വീറ്റ് ചെയ്തു. മഹാത്മാഗാന്ധിയുടെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശത്താൽ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും ബൈഡൻ പറഞ്ഞു. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ബൈഡൻ ഇന്ത്യയ്ക്ക് ആശംസ നേർന്നത്. 'വർഷങ്ങളായി, നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം, നാല് ദശലക്ഷത്തിലധികം ഇന്ത്യൻ-അമേരിക്കക്കാരുടെ ഊർജ്ജസ്വലമായ സമൂഹം ഉൾപ്പെടെ, ഞങ്ങൾ പങ്കാളിത്തം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു,' പ്രസ്താവനയിൽ ബൈഡൻ പറയുന്നു.


No comments