അകാലത്തിൽ പൊലിഞ്ഞ നാടകപ്രതിഭ ശാന്തൻ്റെ കുടുംബത്തിന് നാടക് 25 ലക്ഷം രൂപ കൈമാറി
കോഴിക്കോട്: നാടകവും വരയും കവിതയുമായി ശാന്തകുമാറിന്റെ ഓർമ നിറഞ്ഞ വേദിയിൽ നാടകിന്റെ സഹായധനം കൈമാറി. അകാലത്തിൽ പൊലിഞ്ഞ നാടകപ്രതിഭ എ ശാന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ നാടക പ്രവർത്തകരുടെ സംഘടന നാടക് സമാഹരിച്ചു നൽകിയത് 25,44,818 രൂപ. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ശാന്തകുമാറിന്റെ ഭാര്യ ഷൈനി, മകൾ നീലാഞ്ജന എന്നിവർക്ക് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ തുക കൈമാറി.കലാരംഗത്ത് വേദികളില്ലാത്ത സമയത്താണ് നാടക് 14 ജില്ലകളിൽനിന്നും സംഭാവന സമാഹരിച്ചു നൽകിയത്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അടുത്തവർഷം ജൂൺ 16 -ന് ശാന്തന്റെ പേരിൽ 25,000 രൂപയുടെ അവാർഡ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ജെ ശൈലജ അറിയിച്ചു.
ഷിബു മൂത്താട്ട് രചിച്ച അശാന്തം കവിതയുടെ ദൃശ്യാവിഷ്കാരം സജീവ് കീഴരിയൂർ, സന്ദീപ് സത്യൻ, തങ്കയം ശശികുമാർ എന്നിവരുടെ രൂപകൽപ്പനയിൽ നടന്നു. പ്രിയ ശ്രീജിത്ത് നാടകവായന നിർവഹിച്ചു. കഥാപാത്ര ങ്ങൾക്ക് സജീവ് കീഴരിയൂർ രൂപം നൽകി. പ്രിയദർശൻ കാൽവരി ഹിൽസിന്റെ സംവിധാനത്തിൽ
ഗിരീഷ് മണ്ണൂർ, പ്രിയ ശ്രീജിത്ത് എന്നിവർ അഭിനയിച്ച നാടകവും അരങ്ങേറി. ഡോ.കെ ശ്രീകുമാർ, ഹരീഷ് പേരടി, ഷൈജു അന്തിക്കാട്, എൻ വി ബിജു, പി.രഘുനാഥ്, തങ്കയം ശശികുമാർ, ഷിബു മുത്താട്ട് എന്നിവർ സംസാരിച്ചു.
നാടക് കാസറഗോഡ് ജില്ലാ കമ്മറ്റി 75000 രൂപ സമാഹരിച്ച് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയിരുന്നു.
No comments