Breaking News

കണ്ണൂരിൽ കള്ള് ചെത്തുന്ന വീഡിയോ ചിത്രീകരിക്കാൻ കയറിയ സംവിധായകൻ തെങ്ങിൽ കുടുങ്ങി; രക്ഷകരായത് അഗ്നിശമന സേന




കണ്ണൂരില്‍ കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാന്‍ കയറിയ ക്യാമറാമാന്‍ തെങ്ങില്‍ കുടുങ്ങി . പാനൂര്‍ ചെറ്റക്കണ്ടിയിലെ കെ കെ പ്രേംജിത്തിനെയാണ് അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ എത്തി താഴെ ഇറക്കിയത്.

ഹ്രസ്വചിത്ര സംവിധായകനും ക്യാമറാമാനുമായ കെ കെ പ്രേംജിത്ത് ഞാറാഴ്ച്ച ഉച്ചക്ക് 12.30 യോടെയാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലാണ് സംഭവം.

കള്ള് ചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടയില്‍ പ്രഷര്‍ വ്യതിയാനം വന്നാണ് തെങ്ങില്‍ കുടുങ്ങിയത്.

സംഭവം അറിഞ്ഞതോടെ പാനൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നത് വരെ കള്ള് ചെത്ത് തൊഴിലാളി ഗംഗാധരനാണ് അവശനായിരുന്ന പ്രേംജിത്തിനെ തെങ്ങില്‍ താങ്ങി നിര്‍ത്തിയത്.

സംവിധായകനെ നെറ്റില്‍ കുരുക്കിയാണ് സുരക്ഷിതമായി താഴെ എത്തിച്ചത്. അസി: സ്റ്റേഷന്‍ ഓഫീസര്‍ സി.എം. കമലാക്ഷന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ദിവു കുമാര്‍ , ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എം.കെ.ജിഷാദ് എന്നിവരാണ് തെങ്ങില്‍ കയറി നെറ്റ് ഒരുക്കിയത്.

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ.സുരേഷ്, എം.കെ. രഞ്ജിത്ത്, എ.കെ. സരുണ്‍ ലാല്‍, ശ്രീകേഷ്.എം., സനൂപ് കെ., അഖില്‍ . കെ , ഹോംഗാര്‍ഡ് പി. ദിനേശന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗത്തിലാണ് പ്രേംജിത്തിനെ താഴെ ഇറക്കിയത്, അസി: സ്റ്റേഷന്‍ ഓഫീസര്‍ സി.എം. കമലാക്ഷന്‍ വ്യക്തമാക്കി.



രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നടത്തിയ വൈദ്യ പരിശോധനയില്‍ പ്രേംജിത്തിന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലന്നും വ്യക്തമായി. കള്ളുചെത്തു ജോലി എങ്ങനെ എന്ന യൂട്യൂബ് വീഡിയോ ചിത്രീകരണം തടസപ്പെട്ടെങ്കിലും, തെങ്ങില്‍ കുടുങ്ങിയ ആളെ എങ്ങനെയാണ് രക്ഷപ്പെടുത്തുക എന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വ്‌ളോഗര്‍ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.

No comments