Breaking News

Tokyo Olympics| സിന്ധുവിന് വെങ്കലം, ചരിത്രനേട്ടം; തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത




ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ സിംഗിൾസ് ബാഡ്മിന്റൺ ഇനത്തിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്കോർ- 21-13, 21-15. ടോക്യോയിൽ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയിൽ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു.

ടോക്യോയിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവാണ് ഇന്ത്യക്കായി ഈ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേടിയത്.

ചൈനീസ് താരത്തിനെതിരെ മികച്ച രീതിയിലാണ് സിന്ധു പോരാടിയത്. ഇന്നലത്തെ തോൽവിയുടെ യാതൊരു ലക്ഷണവും താരത്തിന്റെ പ്രകടനത്തിൽ ഉണ്ടായിരുന്നില്ല. ടൂർണമെന്റിൽ ആദ്യം മുതൽക്കേ കണ്ട സിന്ധുവിനെയാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ചൈനീസ് താരത്തിനെതിരെ മികച്ച രീതിയിൽ തുടങ്ങിയ സിന്ധു തുടക്കത്തിൽ തന്നെ ലീഡ് നേടി മുന്നിലെത്തി. എന്നാൽ പിന്നീട് ചൈനീസ് താരം ഒപ്പമെത്തിയെങ്കിലും സിന്ധു താരത്തെ മുന്നിൽ കയറാൻ അനുവദിക്കാതെ വീണ്ടും ലീഡ് നേടി 11 -8 എന്ന നിലയിൽ ആദ്യ സെറ്റിൽ ഇടവേളക്ക് പിരിഞ്ഞു. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകൾ നേടി 15-9ന്റെ ലീഡ് നേടി സെറ്റ് തന്റെ വരുതിയിലാക്കി. പിന്നീട് ഇതേ മികവ് തുടർന്ന താരം ചൈനീസ് താരത്തിന് കൂടുതൽ അവസരം നൽകാതെ 20-13 എന്ന നിലയിൽ ആദ്യ സെറ്റ് സ്വന്തമാക്കി കളിയിൽ ലീഡ് നേടി.

രണ്ടാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും നേരീയ ലീഡിന്റെ ആനുകൂല്യം സിന്ധു നിലനിർത്തിയിരുന്നു. രണ്ടാം സെറ്റിലും ആദ്യ സെറ്റിലെ പോയിന്റ് നിലയിൽ ഇടവേളക്ക് പിരിഞ്ഞു. എന്നാൽ ഇടവേളക്ക് ശേഷം തുടരെ മൂന്ന് പോയിന്റുകൾ നേടി 11-11 എന്ന നിലയിൽ ബിങ് ജിയാവോ മത്സരം കടുപ്പിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്ന പ്രകടനത്തോടെ പോരാടിയ സിന്ധു തുടരെ പോയിന്റുകൾ നേടി ലീഡ് നേടി ആധിപത്യം നേടിയ ശേഷം ചൈനീസ് താരത്തെ പിന്നിലാക്കി സെറ്റ് 20-15ന് സ്വന്തമാക്കി.

അതേസമയം ടോക്യോയിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന സിന്ധുവിന് സെമിയിൽ ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനോട് കാലിടറുകയായിരുന്നു. മികച്ച ഫോമിൽ കളിച്ച തായ്‌പേയ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. ഇതോടെയാണ് വെങ്കല മെഡൽ ഉറപ്പിക്കാനായി ആദ്യ സെമിയിൽ ചൈനീസ് താരമായ ചെൻ യൂഫെയിയോട് തോറ്റ ഹി ബിങ് ജിയാവോനെ സിന്ധുവിന് നേരിടേണ്ടി വന്നത്.

No comments